അസം തടവ് കേന്ദ്രങ്ങളില്‍ ഇതുവരെ മരിച്ചത് 25 പേര്‍
അസം അസംബ്ലിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. എല്ലാവരും അസുഖം മൂലമാണ് മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം.
ഗുവാഹത്തി' പൗരത്വ കാര്യത്തില്‍ സംശയമുള്ളവരെ പാര്‍പ്പിക്കുന്ന അസമിലെ ആറ് തടവ് കേന്ദ്രങ്ങളില്‍ ഇതുവരെയായി 25 പേര്‍ മരിച്ചതായി വെളിപ്പെടുത്തല്‍. അസം അസംബ്ലിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. എല്ലാവരും അസുഖം മൂലമാണ് മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം.
ഗോല്‍പാര തടവ് ക്യാംപിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്ന് സബ്‌രംഗ് ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ഇവിടെ 10 പേരാണ് മരിച്ചത്. തേസ്പൂര്‍ ക്യാംപില്‍ ഒമ്പതു പേര്‍ മരിച്ചു. കാച്ചാര്‍ ജില്ലയിലെ സില്‍ചാര്‍ തടവ് കേന്ദ്രത്തില്‍ മൂന്ന് പേരും കൊക്രാജറില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരും മരിച്ചു. ജോര്‍ഹട്ടില്‍ ഒരാളാണ് മരിച്ചത്. മരിച്ചവരില്‍ 14 പേര്‍ മുസ്‌ലിംകളും 10 പേര്‍ ഹിന്ദുക്കളുമാണ്. ഒരാള്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളാണ്.
ബംഗ്ലാദേശി എന്നാരോപിച്ച് ഗോല്‍പാര കാംപില്‍ അടക്കപ്പെട്ട സുബ്രത ഡേ, വിദേശിയെന്ന് മുദ്രകുത്തി ഡി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജബ്ബാര്‍ അലി എന്നിവര്‍ ദുരൂഹ സാഹചര്യത്തിലാണ് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് താന്‍ ഭര്‍ത്താവിനെ കാണാന്‍ തടവ് കേന്ദ്രത്തിലെത്തിയിരുന്നുവെന്നും ആ സമയത്ത് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ഭാര്യ സൈമന്‍ നിസ പറഞ്ഞിരുന്നു. എന്നാല്‍, രോഗബാധ മൂലമാണ് ഇവര്‍ മരിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നത്.
ഗോല്‍പാര, കൊക്രാജര്‍, സില്‍ചാര്‍, ജോര്‍ഹട്ട്, തേസ്പൂര്‍, ദിബ്രുഗഡ് എന്നിവിടങ്ങളിലെ ജയില്‍ കോംപൗണ്ടിനുള്ളിലെ താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.