അസം പൗരത്വ രജിസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുന്നു
പോപുലര്‍ ഫ്രണ്ട കേഡര്‍മാരോടൊപ്പം മറ്റ് വ്യക്തികളെയും കൂട്ടായ്മകളെയും സഹകരിപ്പിച്ചായിരിക്കും സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുക.
ഗുവാഹത്തി: അസം അന്തിമ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള തുടര്‍നടപടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി രൂപം നല്‍കി. ഫോറിന്‍ ട്രിബ്യൂണലുകളില്‍(എഫ്ടി) അപ്പീല്‍ നല്‍കുന്നതിന് നിയമസഹായ സന്നദ്ധ സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പോപുലര്‍ ഫ്രണ്ട കേഡര്‍മാരോടൊപ്പം മറ്റ് വ്യക്തികളെയും കൂട്ടായ്മകളെയും സഹകരിപ്പിച്ചായിരിക്കും സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുക.
ബാധിക്കപ്പെട്ട പൗരന്മാരെ സഹായിക്കുന്നതിന് പ്രാദേശിക അഭിഭാഷക സംഘങ്ങളെ സജ്ജമാക്കുന്നതിനും റിസോഴ്‌സ് പേഴ്‌സണ്‍സ് ട്രെയ്‌നിങ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പരമാവധി ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു. എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷത്തിലേറെ പേരുടെ പ്രയാസത്തില്‍ അദ്ദേഹം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അതേ സമയം, പുറത്താക്കപ്പെട്ടവരുടെ എണ്ണം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വലിയ തോതില്‍ കുറച്ചുകൊണ്ടുവരികയും ബംഗ്ലാദേശി കുടിയേറ്റം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളെ പൊളിച്ചുകാട്ടുകയും ചെയ്ത അസമിലെ വിവിധ കൂട്ടായ്മകളെയും വ്യക്തികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്തിമ പട്ടിക പുറത്തുവന്നതോടെ, രാജ്യവ്യാപകമായി പൗരത്വ പട്ടിക നടപ്പാക്കണമെന്ന് പറഞ്ഞവര്‍ ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ആര്‍സിയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം താഴെ പറയുന്ന ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു
1. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം എന്‍ആര്‍സിയുടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. നിലവിലുള്ള പട്ടിക ഈ ഘട്ടത്തില്‍ റദ്ദാക്കാനുള്ള ഏതൊരു ശ്രമത്തെയും അസം ജനത ചെറുത്തു തോല്‍പ്പിക്കണം.
2. അസമിലെ യഥാര്‍ത്ഥ പൗരന്മാര്‍ പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന വേദനയും പ്രയാസവും ഇന്ത്യയിലെ മറ്റൊരു ഭാഗത്തും ആവര്‍ത്തിക്കാന്‍ പാടില്ല.
3. മതത്തിന്റെ അടിസ്ഥാനത്തില്‍ അസമില്‍ വിദേശികളുടെ ആധിപത്യത്തിന് വഴിയൊരുക്കുന്ന പൗരത്വ ഭേദഗതി ബില്ല് പാസാക്കാനുള്ള ഏതൊരു നീക്കത്തെയും അസം ജനത പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണം.
4. ഫോറിന്‍ ട്രിബ്യൂണലുകള്‍ക്ക് ജൂഡീഷ്യല്‍ പദവി നല്‍കുകയും കോടതി നടപടികള്‍ പ്രകാരം പ്രവര്‍ത്തിക്കുകയും വേണം. സര്‍വീസിലുള്ളതോ റിട്ടയര്‍ ചെയ്തതോ ആയ പരിചയ സമ്പന്നരായ ജഡ്ജിമാരായിരിക്കണം എഫ്ടി ജഡ്ജിമാര്‍. ഈ രൂപത്തില്‍ അല്ലാതെ നിയമിച്ച ജഡ്ജിമാരെ മുഴുവന്‍ ഒഴിവാക്കി എഫ്ടിയെ രാഷ്ട്രീയ അജണ്ടകളില്‍ നിന്നും കാര്യക്ഷമതയില്ലായ്മയില്‍ നിന്നും മോചിപ്പിക്കണം.
5. അസമിലേക്കു നുഴഞ്ഞുകയറിയവരെ ഒഴിവാക്കാനുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ മാനുഷിക പരിഗണനയോട് കൂടി കൈകാര്യം ചെയ്യണം. നടപടികളിലെ പിഴവോ സാങ്കേതിക പ്രശ്‌നങ്ങളോ കൊണ്ട് ഒരു യഥാര്‍ത്ഥ പൗരനും രാജ്യമില്ലാത്തയാളായി മാറാന്‍ പാടില്ല.
അഡ്വ. മുഹമ്മദ് യൂസുഫ്(എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി), യാ മൊയ്തീന്‍(പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് ഈസ്റ്റ് സോണല്‍ പ്രസിഡന്റ്), ഇ എം അബ്ദുല്‍ റഹ്മാന്‍(പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം), അമീനുല്‍ ഹഖ്(പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), ആരിഫ് ഖാന്‍(നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി), പ്രൊഫസര്‍ അബുല്‍ ബഷര്‍(എന്‍സിഎച്ച്ആര്‍ഒ അസം ചാപ്റ്റര്‍ പ്രസിഡന്റ്), റഫീഖുല്‍ ഇസ്ലാം(പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഡോ. മിനാറുല്‍ ശെയ്ഖ്(കൊല്‍ക്കത്ത), ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഗുവാഹത്തിയില്‍ നടന്ന ഒരു ദിവസം നീണ്ട യോഗത്തില്‍ പങ്കെടുത്തു.