ഗുവാഹത്തി: യുനൈറ്റഡ് പീപ്പിള്‍സ് റവല്യൂഷണറി ഫ്രണ്ട് (യുപിആര്‍എഫ്) സംഘടനയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീഫ് വെടിയേറ്റു മരിച്ചു. 'അസം വീരപ്പന്‍' എന്നറിയപ്പെടുന്ന മംഗിന്‍ ഖല്‍ഹാവ് ആണ് കൊല്ലപ്പെട്ടത്. സ്വന്തം കേഡര്‍മാര്‍ ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്. അസം തെക്കന്‍ മലനിരകളിലെ കാര്‍ബി ആംഗ്ലോങ് ജില്ലയിലെ മലനിരകളിലായിരുന്നു സംഭവം.
ഗ്രൂപ്പിലെ നേതാക്കള്‍ തമ്മിലുള്ള ആഭ്യന്തരപ്രശ്‌നത്തെ തുടര്‍ന്നായിരുന്നു വെടിവയ്പ്പുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്ക് നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ പോലിസാണ് മൃതദേഹം കണ്ടെത്തിയത്. മരം കള്ളക്കടത്ത് നടത്തി വീരപ്പന്‍ എന്ന് അറിയപ്പെട്ട മംഗിന്‍ ഖല്‍ഹാവ് ഈ സംഘത്തിലെ മുതിര്‍ന്ന അംഗമാണ്.
സംഘത്തിലെ നിരവധി നേതാക്കളെ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മറ്റ് നിരവധി പേര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കീഴടങ്ങി. മൃതദേഹം ബൊകാജനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനായി പിന്നീട് ദിഫുവിലേക്ക് മാറ്റിയിട്ടുണ്ട്. അസമിലെ തെക്കന്‍ മലനിരകളില്‍ താമസിക്കുന്ന കുക്കി സമുദായത്തില്‍പ്പെട്ട കേഡര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ് യുപിആര്‍എഫ്.