തൃണമൂലിനെ 'താലിബാനി ശൈലി'യില്‍ ആക്രമിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
അഗര്‍ത്തല: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ 'താലിബാനി ശൈലി'യില്‍ ആക്രമിക്കണമെന്ന് ആഗ്വാനം ചെയ്ത് ബിജെപി എംഎല്‍എ. ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ അരുണ്‍ ചന്ദ്ര ഭൗമിക് ആണ് തൃണമൂലിനെതിരേ വിവാദപരാമര്‍ശവുമായി രംഗത്തുവന്നത്. അഗര്‍ത്തല വിമാനത്താവളത്തില്‍ തൃണമൂല്‍ നേതാക്കളെത്തുകയാണെങ്കില്‍ താലിബാന്‍ ശൈലിയില്‍ അവരെ നേരിടണമെന്നാണ് ഭൗമിക് പറഞ്ഞത്. 'അവരെ താലിബാന്‍ മാതൃകയില്‍ ആക്രമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. അവര്‍ നമ്മുടെ എയര്‍പോര്‍ട്ടിലെത്തുകയാണെങ്കില്‍ അവരെ ആക്രമിക്കണം. ഓരോ തുള്ളി ചോരയും ഉപയോഗിച്ച് നമ്മള്‍ ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാരിനെ സംരക്ഷിക്കണം'- ഭൗമിക് പറഞ്ഞു.
ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ തകര്‍ക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നതെന്നും ചന്ദ്ര ഭൗമിക് ആരോപിച്ചു. തെക്കന്‍ ത്രിപുര ജില്ലയിലെ ബെലോണിയ പഴയ ടൗണ്‍ ഹാളില്‍ പുതുതായി അധികാരമേറ്റ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൗമിക്കിനുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വിവാദപരാമര്‍ശത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വ്യാപകമായ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. അതേസമയം, ഭൗമിക്കിന്റെ പ്രസ്താവനയെ ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞു. ഇത് പാര്‍ട്ടി നിലപാടല്ലെന്നും ഭൗമിക്കിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി വക്താവ് സുബ്രത ചക്രബര്‍ത്തി പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കില്ല. ഇത് പൂര്‍ണമായും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് ബിജെപിയുടെ സംസ്‌കാരമല്ല- ചക്രവര്‍ത്തി പറഞ്ഞു. പരാമര്‍ശങ്ങളോട് പ്രതികരിച്ച ത്രിപുര തൃണമൂല്‍ നേതാവ് സുബല്‍ ഭൗമിക്, ബിജെപി എംഎല്‍എയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വിവാദപരാമര്‍ശത്തില്‍ ന്യായീകരണവുമായി ഭൗമിക് രംഗത്തുവന്നു. തൃണമൂലിനെ എങ്ങനെ ഗൗരവമായി നേരിടുമെന്നതിന് ഒരു ഉദാഹരണമായാണ് താന്‍ ഈ പരാമര്‍ശം നടത്തിയതതെന്നായിരുന്നു ഭൗമിക്കിന്റെ വിശദീകരണം.
ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമിക്കാന്‍ ശ്രമിക്കുന്ന രീതിക്ക് ശക്തമായ പ്രതികരണം ആവശ്യമാണെന്ന് വ്യക്തമാക്കാനാണ് ഞാന്‍ '' താലിബാനി '' എന്ന വാക്ക് ഉപയോഗിച്ചത്. 'താലിബാനി' എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റായ സന്ദേശമായിരിക്കാം. പക്ഷേ, അവരെ എങ്ങനെ ഗൗരവമായി നേരിടാമെന്ന് വിവരിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം- ബിജെപി നിയമസഭാംഗം പറഞ്ഞു. 2023ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തൃണമൂല്‍.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്. അദ്ദേഹം നിരന്തരമായി ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ത്രിപുരയില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ സന്ദര്‍ശനത്തിനിടെ, ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹം ആഗസ്ത് 3 ന് ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.