മസ്ജിദ് ആക്രമണം, മുസ്‌ലിം യുവാക്കളെ വേട്ടയാടല്‍; ഡല്‍ഹി പോലിസിനെതിരേ ന്യൂനപക്ഷ കമ്മീഷന്‍

പള്ളികളില്‍ ബാങ്കുവിളിക്ക് ഉച്ചഭാഷിണി നിരോധിച്ചതിനെയും കമ്മീഷന്‍ ചോദ്യംചെയ്തു. കൃത്യസമയത്ത് വീട്ടിലിരുന്ന് പ്രാര്‍ത്ഥന നടത്തുന്നതിനുവേണ്ടിയാണ് ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത്. അതിന് നിരോധനമേര്‍പ്പെടുത്തുന്നത് യുക്തിസഹമല്ല.

Update: 2020-04-06 05:11 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ മുസ്‌ലിം യുവാക്കളെ വ്യാപകമായി അറസ്റ്റുചെയ്യുന്ന പോലിസ് നടപടിയെ ചോദ്യംചെയ്തും മസ്ജിദ് ആക്രമിക്കപ്പെട്ട സംഭവത്തിലും ന്യൂനപക്ഷ കമ്മീഷന്‍ ഡല്‍ഹി പോലിസിന് നോട്ടീസ് നല്‍കി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുതല്‍ നിരവധി മുസ്‌ലിം യുവാക്കളെ പോലിസ് ഓരോ ദിവസവും അറസ്റ്റുചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഏപ്രില്‍ മൂന്നിന് ഡല്‍ഹി പോലിസിന് അയച്ച നോട്ടീസില്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഇ- മെയിലുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി കമ്മീഷന് റിപോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

ക്രമവിരുദ്ധമായി മുസ്‌ലിം യുവാക്കളെ അറസ്റ്റുചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ല. ഇക്കാര്യം മേഖലയിലെ ഡെപ്യൂട്ടി പോലിസ് കമ്മീഷണറെ നേരത്തെ അറിയിച്ചിരുന്നതാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ജനങ്ങള്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചിരിക്കുന്നതെന്ന് നോട്ടീസ് നല്‍കിയ കമ്മീഷന്‍ പാനല്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പ്രതികരിച്ചു. കൈക്കൂലി നല്‍കിയാല്‍ യുവാക്കളെ മോചിപ്പിക്കാമെന്നാണ് ചില പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വന്‍തോതില്‍ പണം സമ്പാദിക്കാനുള്ള ഉപാധിയായാണ് യുവാക്കളുടെ അറസ്റ്റിനെ പോലിസ് ഉപയോഗിച്ചത്. പോലിസിന്റെ നടപടിക്കെതിരേ ഏപ്രില്‍ രണ്ടിന് രാത്രി എട്ടുമണിക്ക് മുസ്തഫാബാദിലെ മുസ്‌ലിം സ്ത്രീകള്‍ നടത്തിയ പ്രതിഷേധ സമരം കമ്മീഷന്‍ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വടക്കുകിഴക്കന്‍ ജില്ലയില്‍ നടത്തിവരുന്ന വ്യാപകമായ അറസ്റ്റില്‍നിന്ന് പിന്‍വാങ്ങണമെന്ന് താഴേക്കിടയിലുള്ള പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ. ലോക്ക് ഡൗണ്‍ അവസാനിക്കുകയും സ്ഥിതിഗതികള്‍ സാധാരണനിലയിലെത്തുകയും ചെയ്താല്‍ ഇത്തരം അറസ്റ്റുകളെക്കുറിച്ച് തങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 3ന് രാത്രി എട്ടുമണിയോടെ 200 ഓളം പേര്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അലിപൂര്‍ പോലിസ് സ്റ്റേഷന് കീഴിലുള്ള മുക്‌മെല്‍പൂര്‍ ഗ്രാമത്തിലെ ഒരു മുസ്‌ലിം പള്ളി ആക്രമിച്ചതിന്റെ റിപോര്‍ട്ടും വീഡിയോയും കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നാണ് ഡല്‍ഹി പോലിസിന് അയച്ച രണ്ടാമത്തെ നോട്ടീസില്‍ പറയുന്നത്.

സംഭവസമയത്ത് മൂന്നുപേര്‍ പള്ളിക്കകത്തുണ്ടായിരുന്നു. ജനക്കൂട്ടം പള്ളി ആക്രമിക്കുകയും കൊള്ളയടിക്കുകയും മേല്‍ക്കൂരയുള്‍പ്പെടെ അതിന്റെ ചില ഭാഗങ്ങള്‍ പൊളിക്കുകയും ഭാഗികമായി കത്തിക്കുകയും ചെയ്തു. ദേശീയ തലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടാവുകയെന്നത് അവിശ്വസനീയമാണ്. ഒരു മതസ്ഥലം കൊള്ളയടിക്കുകയും ഭാഗികമായി കത്തിക്കുകയും ചെയ്തത് ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാവില്ല. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിയമം ശക്തമായി നടപ്പാക്കണമെന്നും പോലിസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പള്ളികളില്‍ ബാങ്കുവിളിക്ക് ഉച്ചഭാഷിണി നിരോധിച്ചതിനെയും കമ്മീഷന്‍ ചോദ്യംചെയ്തു.

കൃത്യസമയത്ത് വീട്ടിലിരുന്ന് പ്രാര്‍ത്ഥന നടത്തുന്നതിനുവേണ്ടിയാണ് ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത്. അതിന് നിരോധനമേര്‍പ്പെടുത്തുന്നത് യുക്തിസഹമല്ല. ലോക്ക് ഡൗണ്‍ പ്രകാരം ഒരു പള്ളിയില്‍ ഒരുസമയം പരമാവധി നാലുപേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉച്ചഭാഷണിയിലൂടെ ബാങ്കുവിളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തരുതെന്ന് എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നാലുപേരില്‍കൂടുതല്‍ ഒത്തുകൂടിയാല്‍ മാത്രമേ നടപടിയെടുക്കാവൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി. ലോക്ക് ഡൗണിന്റെ മറവില്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടിയ നടപടിയും പിന്‍വലിക്കണം. അവശ്യവസ്തുക്കളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ പാടില്ലെന്നും കമ്മീഷന്‍ ഡല്‍ഹി പോലിസിന് നല്‍കിയ നോട്ടീസില്‍ നിര്‍ദേശം നല്‍കി.  

Tags:    

Similar News