സോങ്ങാദ്: ഗുജറാത്തിലെ താപി ജില്ലയിലെ സോങ്ങാദില്‍ മുസ്‌ലിം പള്ളിക്കുനേരെ ആക്രമണം. പ്രദേശവാസികള്‍ മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഹാളും അക്രമികള്‍ തകര്‍ത്തു. പള്ളിയില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്റെ കോപ്പികളും മറ്റ് ഇസ്‌ലാമിക പുസ്തകങ്ങളും കത്തിച്ചിട്ടുണ്ട്. ഹാളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന നിരവധി ഖുര്‍ആനും അറബി പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്. നിരവധി അപൂര്‍വ പുസ്തകങ്ങളും കത്തിനശിച്ചവയില്‍ പെടുന്നു.
സംഭവത്തില്‍ അജ്ഞാതരായ അക്രമികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥലം എസ്‌ഐ എച്ച് സി ഗോഹില്‍ പറഞ്ഞു. പക്ഷേ, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൊതുവില്‍ സമാധാനപരമായ അന്തരീക്ഷം നിനില്‍ക്കുന്ന ആദിവാസി ഭൂരിപക്ഷപ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്.
കുറ്റവാളികള്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുജാഹിദ് നെഫീസ മുഖ്യമന്ത്രി വിജയ് രുപാനിക്ക് പരാതി അയച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു മുകളിലുളള കടന്നുകയറ്റമാണെന്ന് പരാതിയില്‍ പറയുന്നു.
ജമാഅത്ത് ഇസ് ലാമി ഹിന്ദ് ഗുജറാത്ത് സംസ്ഥാന സെക്രട്ടറി വസീഫ് ഹുസൈന്‍ സംഭവത്തെ അപലപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിനു കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്ത് ദിവസം മുമ്പാണ് ഗുജറാത്തിലെ കച്ച് ജില്ലയില്‍ ചില സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.