പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ ആക്രമിച്ച രണ്ട് മുസ് ലിം യുവാക്കളുടെ മൃതദേഹം പുഴയില്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ ആക്രമിച്ച രണ്ട് മുസ് ലിം യുവാക്കളുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ചാന്ദ് മിയ, ഗുഡ്ഡു ഖാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് മഹാനദി നദിയില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് ക്ലാരിയോണ്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ക്രൂരമായ ആക്രമണത്തിന് ഇരയായ സദ്ദാം ഖാന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ സ്വദേശികളായ മൂവരും ട്രക്കില്‍ ഒഡീഷയിലേക്ക് പോത്തുകളെ കൊണ്ടുപോവുന്നതിനിടെയാണ് ആക്രമണം. അരംഗ് പ്രദേശത്തെത്തിയപ്പോള്‍ ഒരു സംഘം ഹിന്ദുത്വര്‍ ട്രക്ക് പിന്തുടര്‍ന്നു. മഹാനദി പാലത്തിലെത്തിയപ്പോള്‍ ട്രക്ക് വളഞ്ഞു. അക്രമികള്‍ റോഡില്‍ തടസ്സമുണ്ടാക്കിയാണ് വാഹനം നിര്‍ത്തിച്ചത്. വാഹനത്തിലുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് പുറത്തെത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമികളില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ നദിയിലേക്ക് ചാടിയതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ക്ലാരിയോണ്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു. പശുക്കടത്ത് ആരോപിച്ചാണ് ക്രൂരമായ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്. മര്‍ദ്ദനത്തിലാണോ പുഴയില്‍ തള്ളിയിട്ടതിനാല്‍ മുങ്ങിമരിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്.