പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; വാഹനത്തിലുണ്ടായിരുന്നത് നാരങ്ങ ലോഡ്
ജയ്പൂര്‍: നാരങ്ങ ലോഡുമായി പോവുകയായിരുന്ന രണ്ട് ഹിന്ദുയുവാക്കളെ പശുക്കടത്ത് ആരോപിച്ച് ക്രുരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സാദുല്‍പൂരിലാണ് സംഭവം. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളായ സോനു ബിഷ്‌ണോയ്(29), സുന്ദര്‍ ബിഷ്‌ണോയ്(35) എന്നിവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. 20ഓളം പേരടങ്ങിയ സംഘമാണ് പശുക്കടത്ത് ആരോപിച്ച് വാഹനം തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ടോടെ പഞ്ചാബിലെ ബാത്തിന്‍ഡയിലേക്ക് ലോറിയില്‍ നാരങ്ങയുമായി പോവുന്നതിനിടെയാണ് സംഭവം. മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ ലോറി നിര്‍ത്തി വിശ്രമിക്കുന്നതിനിടെയാണ് ഒരുസംഘം ഹിന്ദുത്വരെത്തി ആക്രമിച്ചത്. ആള്‍ക്കൂട്ടം എത്തിയപ്പോള്‍ കൊള്ളയടിക്കാനാണെന്ന് കരുതി ട്രക്കുമായി സ്ഥലത്ത് നിന്ന് പോയെങ്കിലും സമീപത്തെ ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ വീണ്ടും സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ലോറി തുറന്ന് പരിശോധിച്ചപ്പോഴാണ് ലോറിക്കുള്ളില്‍ ചെറുനാരങ്ങയാണെന്ന് മനസ്സിലായത്. ഇതോടെ സംഘം രക്ഷപ്പെട്ടെന്നും ലോറിയിലുള്ളവര്‍ മൊഴി നല്‍കി. വാഹനത്തിന്റെ ഡ്രൈവര്‍ക്കും കൂട്ടാളിക്കുമാണ് മര്‍ദ്ദനമേറ്റത്.
ഇരുവരെയും നിലത്തിട്ട് ചവിട്ടുകയും ചെരിപ്പും മറ്റും കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘത്തിലുള്ളവര്‍ തന്നെ ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചെന്നാണ് കരുതുന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലിസ് ഇടപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരും ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ടോള്‍ ബൂത്തിന് സമീപം രണ്ട് പേര്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് സദുല്‍പൂര്‍ പോലിസ് സ്‌റ്റേഷനിലെ പുഷ്‌പേന്ദ്ര സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലിസാണ് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കണ്ടെത്തി ഫത്തേഹാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിന് കേസെടുക്കുകയും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ജയ്പൂരില്‍ നിന്ന് പുനബിലെ ബതിന്ഡയിലേക്ക് ചെറുനാരങ്ങകള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് ഇരകള്‍ പറഞ്ഞു. മോട്ടോര്‍ ബൈക്കിലും ജീപ്പിലുമെത്തിയ സംഘം വാഹനം പിന്തുടര്‍ന്നു. ടോള്‍ ബൂത്തില്‍ എത്തിയതോടെ വടികൊണ്ട് അടിച്ചു. അക്രമിസംഘം ഇരുവരെയും പുറത്തേക്ക് വലിച്ചിട്ട് ആക്രമിക്കാന്‍ തുടങ്ങി. സോനു, സോണിയ, വരുണ്‍, ദിനേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചതെന്നും യുവാക്കള്‍ പരാതിയില്‍ പറയുന്നുണ്ട്. ഇരകളുടെ മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു.