മതവികാരം വ്രണപ്പെടുത്തിയെന്ന് ബാബാ രാംദേവ്; സീതാറാം യെച്ചൂരിക്കെതിരേ പോലിസ് കേസെടുത്തു
ബാബാ രാംദേവ് ഹരിദ്വാര്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹൈന്ദവ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ധാരാളമായി അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്ന പരാമര്‍ശത്തിനെതിരേ ആയിരുന്നു രാംദേവിന്റെ പരാതി.
ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കെതിരേ പോലിസ് കേസെടുത്തു. ബാബാ രാംദേവ് ഹരിദ്വാര്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹൈന്ദവ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ധാരാളമായി അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്ന പരാമര്‍ശത്തിനെതിരേ ആയിരുന്നു രാംദേവിന്റെ പരാതി. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
നിരവധി രാജാക്കന്‍മാര്‍ യുദ്ധം നടത്തിയിട്ടുണ്ട്, ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന് രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചുവിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്- പ്രസംഗത്തില്‍ യെച്ചൂരി ചോദിച്ചു. ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള വേദകാല സംസ്‌കാരത്തെയും ഇന്ത്യന്‍ പാരമ്പര്യത്തെയും സംസ്‌കാരത്തെയെയുമാണ് യെച്ചൂരി അപമാനിച്ചതെന്ന് ബാബാ രാംദേവ് പരാതിയില്‍ ആരോപിച്ചു. സീതാറാം യെച്ചൂരി മുഴുവന്‍ ഹിന്ദു സമൂഹത്തോടും ക്ഷമചോദിക്കണമെന്നായിരുന്നു ബാബാ രാംദേവിന്റെ ആവശ്യം.