ബാബരിമസ്ജിദ്: ഇനി ഒത്തുതീര്‍പ്പിന് പ്രസക്തിയില്ലെന്ന് സഫരിയാബ് ജീലാനി

സുപ്രിംകോടതി കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാനിരിക്കേ ഇത്തരമൊരു നീക്കം നിരര്‍ഥകമാണ്. ഇനി വിധിക്കു വേണ്ടി കാത്തിരിക്കുക മാത്രമാണ് കരണീയമെന്നും കേസില്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിഭാഷകനായ സഫരിയാബ് ജീലാനി പറഞ്ഞു.

Update: 2019-10-18 09:54 GMT

ന്യൂഡല്‍ഹി: എല്ലാ കക്ഷികളും സമ്മതിക്കാതെ ബാബരി മസ്ജിദിന്റെ ഭൂമി സംബന്ധിച്ച വിഷയത്തില്‍ ഒത്തുതീര്‍പ്പിന് പ്രസക്തിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ സഫരിയാബ് ജീലാനി. സുപ്രിംകോടതി കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാനിരിക്കേ ഇത്തരമൊരു നീക്കം നിരര്‍ഥകമാണ്. ഇനി വിധിക്കു വേണ്ടി കാത്തിരിക്കുക മാത്രമാണ് കരണീയമെന്നും കേസില്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിഭാഷകനായ സഫരിയാബ് ജീലാനി പറഞ്ഞു. ബാബരി മസ്ജിദിന് മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഒത്തുതീര്‍പ്പിന് സുന്നി വഖഫ് ബോര്‍ഡ് തയ്യാറായതായുള്ള വാര്‍ത്ത സംബന്ധിച്ച് ന്യൂസ് ക്ലിക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് ഭൂമിയുടെ അവകാശം മുസ്‌ലിംകള്‍ക്ക് കിട്ടിയാല്‍ ഹിന്ദുക്കളുടെ വികാരത്തെ മാനിക്കുമോ എന്ന ചോദ്യത്തിന് അത് തനിക്ക് ഇപ്പോള്‍ മറുപടി പറയാന്‍ കഴിയുന്ന കാര്യമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആദ്യം വിധി വരട്ടെ. അതിന് ശേഷം, ശരീഅ നിയമമാണ് അവര്‍ക്ക് അവിടെ ആരാധന നടത്താന്‍ അനുമതി നല്‍കാനാവുമോ എന്ന കാര്യം തീരുമാനിക്കേണ്ടത്. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മസ്ജിദിന്റെ ഉമടസ്ഥത അല്ലാഹുവിനാണ്. വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്നത് 1936ലാണ്. അതിന് മുമ്പ് തന്നെ എത്രയോ വര്‍ഷങ്ങളായി മുസ്്‌ലിംകള്‍ ബാബരി മസ്ജിദില്‍ പ്രാര്‍ഥന നടത്തുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് മസ്ജിദിന്റെയും അനുബന്ധ സ്ഥലത്തിന്റെയും അവകാശവാദം തെളിയിക്കുന്നതിന് 150ഓളം രേഖകളുടെ പിന്‍ബലമുണ്ടെന്ന് 30 വര്‍ഷമായി കേസ് പിന്തുടരുന്ന സഫരിയാബ് ജീലാനി പറഞ്ഞു. ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച് ഹിന്ദുസംഘടനകളുടെ അവകാശവാദം മുന്‍കാലങ്ങളില്‍ പല തവണ കീഴ്‌ക്കോടതികള്‍ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

സുപ്രിംകോടതിയില്‍ തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഉത്തരവ് എതിരായാലും തങ്ങള്‍ അത് സ്വീകരിക്കും. തുടര്‍ന്ന് പുനപ്പരിശോധനാ ഹരജി നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, വിധി അനുകൂലമാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News