ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് ജാമ്യം: നോട്ടിസ് അയച്ച് സുപ്രീം കോടതി
കവിത സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ ഈ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ മോഹന്‍ നായക്കിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സഹോദരി കവിതാ ലങ്കേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍, സുപ്രീം കോടതി നോട്ടിസ് അയച്ചു. വിചാരണ അകാരണമായി നീളുകയാണെന്നും 5 വര്‍ഷത്തിലേറെയായി തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11ാം പ്രതിയായ മോഹന്‍ നായക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിസംബര്‍ 7ന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി മോഹന്‍ നായക്കിനു നോട്ടിസ് അയയ്ക്കുകയായിരുന്നു.
മോഹന്‍ നായക്കിനെതിരെ ചുമത്തിയിരുന്ന, ആസൂത്രിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കക്കോക്ക (കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട്) വകുപ്പുകള്‍ 2021 ഏപ്രിലില്‍ ഹൈക്കോടതി നീക്കിയിരുന്നു. കവിത സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ ഈ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
2017 സെപ്റ്റംബര്‍ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ ഗൗരി വെടിയേറ്റു മരിച്ച കേസില്‍, മുഖ്യ ആസൂത്രകനായ അമോല്‍ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മര്‍ എന്നിവര്‍ ഉള്‍പ്പെടെ 18 പേരാണ് പ്രതിപ്പട്ടികയില്‍. തീവ്രഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്ഥ, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരില്‍ ഏറെയും.