40 തൃണമൂല്‍ എംഎല്‍എമാര്‍ തനിക്കൊപ്പമെന്ന പരാമര്‍ശം; മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്ന് അഖിലേഷ് യാദവ്
40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന മോദിയുടെ പരാമര്‍ശത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണ്. വികസനത്തെക്കുറിച്ച് മോദി പറയുന്നു.
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന മോദിയുടെ പരാമര്‍ശത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണ്. വികസനത്തെക്കുറിച്ച് മോദി പറയുന്നു. 2014 ലെ തിരഞ്ഞെടുപ്പിലും വികസനം വാഗ്ദാനം ചെയ്താണ് മോദി വോട്ടുതേടിയത്. 2019 ലും ഇതുതന്നെ ആവര്‍ത്തിക്കുകയാണ് മോദി ചെയ്യുന്നത്.
എന്നാല്‍, മോദിയുടെ ലജ്ജാകരമായ പ്രസംഗം നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും അഖിലേഷ് ചോദിക്കുന്നു. മോദിക്ക് 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായി. അതുകൊണ്ടാണ് അധാര്‍മികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. കള്ളപ്പണത്തിന്റെ കരുത്തിലാണ് മോദി പശ്ചിമബംഗാളിലെ തൃണമൂല്‍ എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നും അഖിലേഷ് പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദപ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിനെയും 72 മണിക്കൂര്‍ വിലക്കിയിരുന്നു. എന്നാല്‍, മോദിയെ 72 മണിക്കൂറിന് പകരം 72 വര്‍ഷത്തേക്ക് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.