മുംബൈയില്‍ വന്‍ കള്ളനോട്ട് വേട്ട;ഏഴ് പേര്‍ അറസ്റ്റില്‍

കള്ളനോട്ട് അച്ചടിച്ച് അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-01-27 04:54 GMT

മുംബൈ:കോടികളുടെ കള്ളനോട്ടുമായി വന്‍ സംഘം മുംബൈയില്‍ പിടിയില്‍. കള്ളനോട്ട് അച്ചടിച്ച് അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്.

ഏഴ് പേരെയാണ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് ദഹിസര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടാനായത്. കാറില്‍ കടത്താന്‍ ശ്രമിച്ച നോട്ടുകളും അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 2000 രൂപയുടെ 250 ബണ്ടില്‍ കള്ള നോട്ടുകളാണ് കാറില്‍നിന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നുമാണ് മറ്റ് പ്രതികളെ പിടികൂടാനായത്.

അന്ധേരിയിലെ ഒരു ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേരെയും രണ്ടു കോടി രൂപയുടെ രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടും പിടിച്ചെടുത്തത്. കള്ളനോട്ട് കൂടാതെ ലാപ്‌ടോപ്പ്,7 ഫോണുകള്‍,ആധാര്‍,പാന്‍ കാര്‍ഡുകള്‍ മുതലായവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News