ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചതിന് പിന്നാലെ, ബിഹാറും ഒഡീഷയും നികുതി കുറച്ചു. പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. പുതിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. സംസ്ഥാന ഖജനാവിന് വാറ്റ് വരുമാനത്തിന്റെ നഷ്ടം പ്രതിവര്‍ഷം 1,400 കോടി രൂപയോളം വരും. രാജ്യത്തെ ഏറ്റവും കുറവ് ഇന്ധനവിലയാണ് ഒഡീഷയിലുള്ളതെന്നും ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാരും വാറ്റ് നികുതി കുറച്ചു. പെട്രോള്‍ ലിറ്ററിന് 3 രൂപ 20 പൈസയും ഡീസല്‍ ലിറ്ററിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഇളവിന് പുറമേ വാറ്റ് നികുതിയിലും കുറവ് വരുത്തിയത്. കര്‍ണാടക, അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് നികുതി കുറച്ചത്. കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപയ്ക്കും ഡീസല്‍ 81.50 രൂപയ്ക്കും ലഭിക്കും. അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത് സര്‍ക്കാരുകളും വാറ്റ് വികുതി ഏഴു രൂപ കുറച്ചു. ഉത്തര്‍പ്രദേശ് 12 രൂപയും ഉത്തരാഖണ്ഡ് രണ്ടുരൂപയും കുറച്ചു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു.
ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. അതിനിടെ, ഇന്ധനവിലയില്‍ വര്‍ധനവുണ്ടാവാതിരുന്നത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സപ്തംബറിലുമാണ്.