ഇത് അവസാന തിരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍, വിശദീകരണവുമായി പാര്‍ട്ടി വൃത്തങ്ങള്‍
തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ്‌കുമാര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
പട്‌ന: രാഷ്ട്രീയജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പാണ് ഇത്തവണത്തെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്നും ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ്‌കുമാര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത് വലിയ വാര്‍ത്തയായതോടെ തിരുത്തുമായി പാര്‍ട്ടി വൃത്തങ്ങള്‍ രംഗത്തുവന്നു. അവസാന തിരഞ്ഞെടുപ്പല്ല, തിരഞ്ഞെടുപ്പിന്റെ അവസാന യോഗമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് നിതീഷുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
നിതീഷിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരണവുമായി രംഗത്തുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. ശനിയാഴ്ച തിരഞ്ഞെടുപ്പാണ്. ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്നും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന പരസ്യപ്രചാരണദിനത്തിലാണ് നിതീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
പൂനയിലെ ജനതാദള്‍ യുനൈറ്റഡിന്റെ സ്ഥാനാര്‍ഥിക്കായാണ് മുഖ്യമന്ത്രി പ്രചാരണം നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലെത്തുന്നത്. 15 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം.