ബിഹാര്‍ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പില്‍ 53.51 ശതമാനം പോളിങ്
കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രണ്ടാം ഘട്ടത്തില്‍ മുസാഫര്‍പൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 55 ശതമാനം. ഏറ്റവും കുറവ് പട്‌നയില്‍- 39.65 ശതമാനം.
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. 71 മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 28ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 54 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ പോളിങ് സ്റ്റേഷനുകളില്‍ വൈകി വോട്ടുചെയ്തവരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി രണ്ടാം ഘട്ടത്തിന്റെ അന്തിമ പോളിങ് ശതമാനം കമ്മീഷന്‍ പുറത്തിറക്കും.
2015 ലെ തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടെടുപ്പ് നടന്ന നിയോജകമണ്ഡലങ്ങളില്‍ പോളിങ് 55.35 ശതമാനമായിരുന്നുവെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി രാഘോപുര്‍ മണ്ഡലത്തിലാണ് മല്‍സരിച്ചത്. മഹുവയിലെ സിറ്റിങ് എംഎല്‍എ ആയ തേജ് പ്രതാപ് ഹസന്‍പുറിലാണ് മല്‍സരിച്ചത്. 2.86 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിച്ചത്.
കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രണ്ടാം ഘട്ടത്തില്‍ മുസാഫര്‍പൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 55 ശതമാനം. ഏറ്റവും കുറവ് പട്‌നയില്‍- 39.65 ശതമാനം. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 1,463 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഏറ്റവും വലുതും ഇന്ന് നടന്ന രണ്ടാംഘട്ടമായിരുന്നു. ബിജെപി 46, ജനതാദള്‍ (യുണൈറ്റഡ്) 43, ആര്‍ജെഡി 56, കോണ്‍ഗ്രസ് 24 എന്നിങ്ങെയാണ് വിവിധ പാര്‍ട്ടികളില്‍നിന്ന് ഇന്ന് ജനവിധി തേടിയവരുടെ എണ്ണം.
എന്‍ഡിഎയുടെ ഭാഗമായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുടെ അഞ്ച് സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ടായിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ മൂന്ന് ഇടത് പാര്‍ട്ടികള്‍ (സിപിഐ എംഎല്‍ ആറ്, സിപിഎമ്മും സിപിഐയും നാലുവീതം) 14 സീറ്റുകളിലാണ് മല്‍സരിച്ചത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കര്‍ശനസുരക്ഷാക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടത്തിയത്.
ഉപതിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം ഇപ്രകാരമാണ്. ഛത്തീസ്ഗഢ് - 71.99, ഗുജറാത്ത് - 57.98, ഹരിയാണ - 68, ജാര്‍ഖണ്ഡ് - 62.51, കര്‍ണാടക- 51.3, മധ്യപ്രദേശ് - 66.37, നാഗാലാന്‍ഡ്- 83.69, ഒഡീഷ - 68.06, തെലങ്കാന - 81.44, ഉത്തര്‍പ്രദേശ്- 51.57