ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ദേശീയഗാനം പോലും ചൊല്ലാനറിയില്ല; പഴയ വീഡിയോ കുത്തിപ്പൊക്കി ആര്‍ജെഡി
ഒരു സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പതാക ഉയര്‍ത്തി മേവാലാല്‍ ചൗധരി ദേശീയ ഗാനം തെറ്റിച്ച് ചൊല്ലുന്നത്. പലതവണ അഴിമതി ആരോപണവിധേയനായ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയഗാനവും അറിയില്ലെന്നും അല്‍പം നാണം ബാക്കിയുണ്ടോ നിതീഷ് എന്നുമാണു വീഡിയോ ട്വീറ്റ് ചെയ്ത് ആര്‍ജെഡി ചോദിക്കുന്നത്.
പട്‌ന: ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭയെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) നേതാക്കളും പ്രവര്‍ത്തകരും. ബിഹാറിന്റെ പുതിയ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിയ്‌ക്കെതിരേയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. ദേശീയഗാനത്തിന്റെ വരികള്‍ തെറ്റിച്ചുചൊല്ലുന്ന മേവാലാല്‍ ചൗധരിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കിയാണ് പുതിയ വിദ്യാഭ്യാസമന്ത്രിയെ ആര്‍ജെഡി നേതാക്കള്‍ ചോദ്യംചെയ്യുന്നത്.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
— Rashtriya Janata Dal (@RJDforIndia) November 18, 2020
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ
Bihar Minister "Doesn't Know National Anthem": Opposition Shares Video
'ദേശീയഗാനം പോലും വൃത്തിയായി ചൊല്ലാന്‍ അറിയാത്ത വ്യക്തിയാണ് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി' എന്ന് പരിഹസിച്ചാണ് ആര്‍ജെഡി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പതാക ഉയര്‍ത്തി മേവാലാല്‍ ചൗധരി ദേശീയ ഗാനം തെറ്റിച്ച് ചൊല്ലുന്നത്. പലതവണ അഴിമതി ആരോപണവിധേയനായ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയഗാനവും അറിയില്ലെന്നും അല്‍പം നാണം ബാക്കിയുണ്ടോ നിതീഷ് എന്നുമാണു വീഡിയോ ട്വീറ്റ് ചെയ്ത് ആര്‍ജെഡി ചോദിക്കുന്നത്.
നിതീഷ്‌കുമാറിന്റെ മനസ്സാക്ഷി എവിടെയാണ് മുങ്ങിയതെന്നും ആര്‍ജെഡി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. വീഡിയോ എന്ന് എടുത്തതാണെന്നോ സംഭവം എവിടെയാണെന്നോ വ്യക്തമല്ല. ദേശീയ പതാകയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ കുട്ടികളും കുറച്ച് മുതിര്‍ന്നവരും ചൗധരിക്ക് ചുറ്റും നില്‍ക്കുകയും ദേശീയഗാനം ആലപിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 38 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദേശീയഗാനം പകുതിയെത്തിയപ്പോള്‍ ചൗധരിക്ക് തെറ്റിപ്പോയി. തുടര്‍ന്ന് അവസാനവരി മാത്രം ചൊല്ലി ദേശീയ ഗാനം ആലപിക്കുന്നത് അവസാനിപ്പിച്ചു.
പിന്നെ വന്ദേ മാതരം എന്ന് ചൊല്ലുകയും കുട്ടികള്‍ മാതരം എന്ന് ഏറ്റുചൊല്ലുകയും തുടര്‍ന്ന് ഭാരത് മാതാ കീ ജയ് എന്ന് ചൗധരിയും കുട്ടികളും ചൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിലധികവും വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ളതാണ്. അഴിമതി ആരോപണം നേരിടുന്ന ചൗധരിയെ മന്ത്രിസഭയില്‍ അംഗമാക്കിയതിനെതിരേ ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഭഗല്‍പുര്‍ അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ (ബിഎന്‍യു) വൈസ് ചാന്‍സലറായിരുന്ന ഡോ. മേവാലാല്‍ ചൗധരി മുമ്പും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2012ല്‍ സര്‍വകലാശാല നിയമനത്തില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. 2019ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ച കേസിലും ചൗധരിയ്‌ക്കെതിരേ ആരോപണമുയര്‍ന്നുവന്നിരുന്നു.