ബിഹാറില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; കുട്ടിയെ കനാലിലെറിഞ്ഞ് കൊന്നു
ഏഴംഗസംഘത്തിലെ ഒരുപ്രതിയെ അറസ്റ്റുചെയ്തതായി പോലിസ് പറഞ്ഞു. ഇതുവരെ രണ്ടുപ്രതികളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
പട്‌ന: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത് ഉള്‍പ്പെടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരേ പ്രതിഷേധം അലയടിക്കുന്നതിനിടെ ബിഹാറില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ദലിത് യുവതിയെ ഏഴംഗസംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കിയശേഷം അവരുടെ കുട്ടിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി. ബിഹാറിലെ ബക്‌സാര്‍ ജില്ലയിലാണ് സംഭവം.
ബലാല്‍സംഗത്തിനുശേഷം യുവതിയെയും അഞ്ചുവയസുള്ള അവരുടെ കുട്ടിയെയും അക്രമികള്‍ മര്‍ദ്ദിച്ച് കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി പിന്നീട് മുങ്ങിമരിച്ചു. ഏഴംഗസംഘത്തിലെ ഒരുപ്രതിയെ അറസ്റ്റുചെയ്തതായി പോലിസ് പറഞ്ഞു. ഇതുവരെ രണ്ടുപ്രതികളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. രക്ഷപ്പെട്ട യുവതി പട്‌നയില്‍നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ജില്ലയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതിയുടെ വൈദ്യപരിശോധന നടക്കുകയാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും കേസിലെ മറ്റ് വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ കെ കെ സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ല്‍ ഇന്ത്യയില്‍ ശരാശരി 87 ബലാല്‍സംഗ കേസുകളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 4,05,861 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 2018 നെ അപേക്ഷിച്ച് ഏഴുശതമാനത്തിലധികം വര്‍ധനയാണിത്.