ഇന്ത്യയിലെ അവസാന ഒറാങുട്ടാന്‍ ബിന്നി ഓര്‍മയായി

ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് ബിന്നി അന്ത്യശ്വാസം വലിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൂന്നുദിവസം തുടര്‍ച്ചയായി കടുത്ത പനി ബാധിച്ച് ഡോക്ടര്‍മാരുടെ ചികില്‍സയിലായിരുന്നു.

Update: 2019-05-31 03:01 GMT

ഭുവനേശ്വര്‍: ഇന്ത്യയിലെ അവസാന ഒറാങുട്ടാനും ഓര്‍മയായി. ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാലയിലാണ് ബിന്നി എന്നു വിളിച്ചിരുന്ന ഒറാങുട്ടാന്‍ കുരങ്ങ് ചത്തത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് ബിന്നി അന്ത്യശ്വാസം വലിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൂന്നുദിവസം തുടര്‍ച്ചയായി കടുത്ത പനി ബാധിച്ച് ഡോക്ടര്‍മാരുടെ ചികില്‍സയിലായിരുന്നു.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലണ്ടനിലെയും സിംഗപ്പൂരിലെയും ഒറാങുട്ടാന്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കോളജ് ഓഫ് വെറ്ററിനറി സയന്‍സ് ആന്റ് ആനിമല്‍ ഹസ്‌ബെന്ററിയാണ് ബിന്നിയെ ചികില്‍സിച്ചിരുന്നത്. 41 വയസ് പ്രായമുണ്ടായിരുന്നു പെണ്‍വര്‍ഗത്തില്‍പ്പെട്ട കുരങ്ങിന്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവൂ.

2003 നവംബര്‍ 20നാണ് ബിന്നിയെ പൂനയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാലയിലെത്തിക്കുന്നത്. അന്ന് കൊണ്ടുവരുമ്പോള്‍ 25 വയസായിരുന്നു പ്രായം. ഇന്തോനീസ്യയിലും മലേസ്യയിലുമാണ് ഒറാങുട്ടാന്‍ കാണപ്പെടുന്നത്. സിംഗപ്പൂരില്‍നിന്നാണ് ബിന്നിയെ ഇന്ത്യയിലെത്തിച്ചതെന്നാണു റിപോര്‍ട്ട്. കുരങ്ങുവര്‍ഗങ്ങളില്‍ ഏറ്റവും ബുദ്ധിശാലിയായ ആള്‍ക്കുരങ്ങായാണ് ഒറാങുട്ടാന്‍ അറിയപ്പെടുന്നത്. 

Tags:    

Similar News