തര്‍ക്കം തീരാതെ ബിജെപി സ്ഥാനാര്‍ഥി പട്ടിക; ചോദിച്ച സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന് നേതാക്കള്‍

താല്‍പര്യമുള്ള മണ്ഡലങ്ങള്‍ നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് നിലപാട് കടുപ്പിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പട്ടികയില്‍ അനിശ്ചിതത്വം ഉടലെടുത്തത്. ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി നല്‍കിയ പട്ടികയില്‍ ആവശ്യമായ മാറ്റംവരുത്തി ഇന്ന് രാത്രിയോടെ കേന്ദ്രനേതൃത്വം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഇനിയും നീണ്ടുപോവുമെന്നാണ് വിവരം.

Update: 2019-03-17 10:06 GMT
തര്‍ക്കം തീരാതെ ബിജെപി സ്ഥാനാര്‍ഥി പട്ടിക; ചോദിച്ച സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലിയും തര്‍ക്കം മുറുകുന്നു. താല്‍പര്യമുള്ള മണ്ഡലങ്ങള്‍ നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് നിലപാട് കടുപ്പിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പട്ടികയില്‍ അനിശ്ചിതത്വം ഉടലെടുത്തത്. ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി നല്‍കിയ പട്ടികയില്‍ ആവശ്യമായ മാറ്റംവരുത്തി ഇന്ന് രാത്രിയോടെ കേന്ദ്രനേതൃത്വം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഇനിയും നീണ്ടുപോവുമെന്നാണ് വിവരം.

ആശയക്കുഴപ്പം തീരാതെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറികള്‍ക്കിടയാക്കുമെന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. സംസ്ഥാനനേതൃത്വം തയ്യാറാക്കിയ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ കാര്യമായ അഴിച്ചുപണിക്ക് കേന്ദ്രനേതൃത്വവും ആര്‍എസ്എസ്സുമാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്രനേതൃത്വവുമായുള്ള ചര്‍ച്ചയില്‍ പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെച്ചൊല്ലിയാണ് ആശയക്കുഴപ്പം ഉയര്‍ന്നത്. പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കുമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രന്‍ മാറി മല്‍സരിക്കണമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിന് തയ്യാറല്ലെന്ന് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.

കോഴിക്കോട് നില്‍ക്കില്ലെന്ന് എം ടി രമേശും വ്യക്തമാക്കി. കോഴിക്കോടില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണ് എം ടി രമേശ്. തൃശൂരോ പത്തനംതിട്ടയോ ഇല്ലെങ്കില്‍ മല്‍സരിക്കില്ലെന്ന് സുരേന്ദ്രനും കടുപ്പിച്ചുപറഞ്ഞതോടെ തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് കേന്ദ്രനേതൃത്വം. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്് ശ്രീധരന്‍പിള്ളയുടെ പേരാണ് അന്തിമമായി ഇടംപിടിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം മല്‍സരിക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതോടെയാണ് പത്തനംതിട്ട സീറ്റില്‍ തീരുമാനമെടുക്കുന്നത് വൈകിയത്. പി എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, ബി രാധാകൃഷ്ണമേനോന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇവിടെ പരിഗണനയിലുണ്ടായിരുന്നത്. സംസ്ഥാനഘടകം തയ്യാറാക്കിയ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേരുണ്ടായിരുന്നില്ല.

എന്നാല്‍, പത്തനംതിട്ട കിട്ടിയാല്‍ മല്‍സരിക്കാമെന്ന നിലപാടാണ് കണ്ണന്താനത്തിനുണ്ടായിരുന്നത്. ബിഡിജെഎസ് സ്ഥാനാര്‍ഥി സംബന്ധിച്ച് തുഷാര്‍ വെള്ളാപ്പള്ളിയും അമിത് ഷായുമായുമായുള്ള ചര്‍ച്ചയും നീണ്ടുപോവുകയാണ്. അമിത് ഷായുമായുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ സമയം ലഭിച്ചിട്ടില്ല. അതേസമയം, ആരെല്ലാം മല്‍സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ബിജെപിയിലേക്ക് ആരുവന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം, പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്നും വ്യക്തമാക്കി. ആദ്യഘട്ട വോട്ടെടുപ്പിനുള്ള 91 സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയാസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരും പങ്കെടുത്തു. 

Tags:    

Similar News