പത്തനംതിട്ടയ്ക്ക് വേണ്ടിയുള്ള തല്ല് തീര്‍ന്നില്ല; ബിജെപി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക ചര്‍ച്ച ചെയ്ത് വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനാണ് തീരുമാനം.

Update: 2019-03-19 04:39 GMT

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിന് വേണ്ടി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അടി തുടരവേ, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി കേന്ദ്ര നേതൃത്വം. ഉച്ചക്ക് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക ചര്‍ച്ച ചെയ്ത് വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനാണ് തീരുമാനം. സംസ്ഥാന നേതൃത്വം കൊടുത്ത പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പി എസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍, പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രനെ നിര്‍ത്താന്‍ ആര്‍എസ്എസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

പത്തനംതിട്ട സീറ്റിനായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തുണ്ട്. എറണാകുളത്ത് കണ്ണന്താനത്തെ നിര്‍ത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍, പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കേന്ദ്ര നേതൃത്വം മറിച്ചൊരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത. 

Tags:    

Similar News