പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധം; ബിജെപി മൈനോരിറ്റി സെല്‍ സെക്രട്ടറി രാജിവച്ചു

പൗരത്വ നിയമത്തിന്റെ പേരില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരേ മോശം പരാമര്‍ശം നടത്തുകയാണ്. ഇത് അസഹനീയമാണ്. തന്റെ അഭിപ്രായം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

Update: 2020-01-10 09:10 GMT

ഭോപ്പാല്‍: പൗരത്വ നിയമഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു. അക്രം ഖാനാണ് രാജിവച്ചത്. പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍, പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ പൗരത്വ ഭേദഗതി നിയമം ഒരു പ്രത്യേക സമുദായത്തിനെതിരേ ആയുധമാക്കുകയാണ്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല. 25 വര്‍ഷമായി താന്‍ പാര്‍ട്ടിയെ സേവിക്കുകയാണ്. എന്നാല്‍, പൗരത്വ നിയമത്തിന്റെ പേരില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരേ മോശം പരാമര്‍ശം നടത്തുകയാണ്. ഇത് അസഹനീയമാണ്. തന്റെ അഭിപ്രായം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് താന്‍ രാജിവയ്ക്കുകയാണെന്നും ദയവായി ഇത് സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് സര്‍വര്‍ പട്ടേലിനെ അഭിസംബോധന ചെയ്ത് അയച്ച കത്തില്‍ അക്രം ഖാന്‍ വ്യക്തമാക്കി. അതേസമയം, ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന മീഡിയാ ഇന്‍ ചാര്‍ജ് ലോകേന്ദ്ര പരഷാര്‍ രംഗത്തെത്തി. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ ഇരയാണ് അക്രം ഖാന്‍. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ വ്യവസ്ഥകള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരേയുള്ളത് എന്താണെന്ന് അദ്ദേഹം വിശദീകരിക്കണം. അതില്‍ പരാജയപ്പെട്ടാല്‍ അതിനര്‍ഥം അദ്ദേഹം ന്യൂനപക്ഷങ്ങളെ പോലും വഞ്ചിച്ചുവെന്നാണെന്നും ലോകേന്ദ്ര പരഷാര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News