ഹരിയാനയില്‍ ബിജെപി സ്വതന്ത്രരുടെ പിന്നാലെ; മഹാരാഷ്ട്രയില്‍ തുല്യപ്രാധാന്യം ആവശ്യപ്പെട്ട് ശിവസേന

ഹരിയാനയില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും. ആറ് സ്വതന്ത്രരുടെ പിന്തുണ പാര്‍ട്ടിക്ക് കിട്ടുമെന്ന് ഹരിയാനയിലെ ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു.

Update: 2019-10-25 06:57 GMT

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിച്ചിത തിരിച്ചടി നേരിട്ട ബിജെപി ഭൂരിപക്ഷം തികയ്ക്കാന്‍ സ്വതന്ത്രരുടെ പിന്തുണ തേടുന്നു. അതേ സമയം, മഹാരാഷ്ട്രയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടിയ ശിവസേന മന്ത്രിസഭയില്‍ തുല്യപ്രാധാന്യം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ഹരിയാനയില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും. ആറ് സ്വതന്ത്രരുടെ പിന്തുണ പാര്‍ട്ടിക്ക് കിട്ടുമെന്ന് ഹരിയാനയിലെ ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു.

ഹരിയാനയില്‍ ആകെയുള്ള 90 സീറ്റുകളില്‍ ബിജെപിക്ക് 40 സീറ്റും കോണ്‍ഗ്രസിന് 31 സീറ്റുകളുമാണ് ലഭിച്ചത്. 46 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ 10 സീറ്റുകള്‍ ലഭിച്ച ജനനായക് ജനതാ പാര്‍ട്ടിയുടെ(ജെജെപി) നിലപാട് നിര്‍ണായകമാവും. ഐഎന്‍എല്‍ഡിയില്‍ നിന്ന് വിഭജിച്ച് ജാട്ട് നേതാവ് ദുഷ്യന്ത് ചൗതാല രൂപീകരിച്ച ജെജെപി ശ്രദ്ധേയപ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ച്ചവച്ചത്.

ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് കരുതുന്ന ആറ് സ്വതന്ത്രരില്‍ മൂന്നു പേര്‍ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 സീറ്റുകളും നേടിയ ബിജെപി മാസങ്ങള്‍ക്കകം നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. മല്‍സരിച്ച 10 മന്ത്രിമാരില്‍ എട്ടുപേരും തോറ്റു. എന്നാല്‍, തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യത തേടി കോണ്‍ഗ്രസും രംഗത്തുണ്ട്. ഇതിനായി ജെജെപിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. ജെജെപി ഇന്നു വൈകുന്നേരത്തോടെ നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയില്‍ 56 സീറ്റുകള്‍ നേടിയ ശിവസേന തങ്ങള്‍ക്ക് മന്ത്രിസഭാംഗങ്ങളില്‍ പകുതിയും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവിയും വേണമെന്ന നിലപാടിലാണ്. സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ബിജെപിക്ക് ഇതിനു വഴങ്ങേണ്ടിവരും. ഇവിടെ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ ഭരണത്തില്‍ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News