ശരീരമാസകലം മുറിവുകള്‍; കാണാതായ ഒമ്പതുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍
ന്യൂഡല്‍ഹി: രണ്ടുദിവസം മുമ്പ് വീട്ടില്‍നിന്ന് കാണാതായ ഒമ്പത് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ദ്വാരകയിലെ കുട്ടിയുടെ വീടിന്റെ പരിസരത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയതെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. ഉത്തം നഗറില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ തിങ്കളാഴ്ച വൈകീട്ട് മുതലാണ് കാണാതായത്.
വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോവലിന് കേസെടുത്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ കുട്ടിയുടെ വീടിന് പരിസരത്തുള്ള മറ്റൊരു വീട്ടില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് വ്യക്തമാക്കി. കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്.
മൃതദേഹം കണ്ടെടുത്ത സ്ഥലവും അന്വേഷണസംഘം പരിശോധിച്ചു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമായതെന്ന് പോലിസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. എല്ലാ കോണുകളും അന്വേഷിച്ചുവരികയാണെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.