മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ദുബയ്- മുംബൈ വിമാനത്തില്‍ സ്‌ഫോടകവസ്തുവായ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നായിരുന്നു വൈകീട്ട് നാലുമണിയോടെ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തെത്തി വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍, പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതൊരു വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് മുംബൈ പോലിസ് അറിയിച്ചു.
വിവരമറിഞ്ഞയുടന്‍ ദുബയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡല്‍ഹി എടിസിക്ക് വിവരം നല്‍കി. ഉടന്‍തന്നെ മുംബൈ കൗണ്ടര്‍പാര്‍ട്ടിനെ വിളിച്ച് സ്ഥിതിഗതികള്‍ അറിയിച്ചു. ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മുമ്പും നിരവധി വ്യാജ ബോംബ് ഭീഷണികള്‍ വന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് ഇ- മെയില്‍ അയച്ച 53കാരനെ കഴിഞ്ഞ ജൂണില്‍ അറസ്റ്റുചെയ്തിരുന്നു.