ദബോല്‍കര്‍, പന്‍സാരെ കൊലപാതകങ്ങള്‍: ഫഡ്‌നാവിസിനു ഹൈക്കോടതിയുടെ വിമര്‍ശനം
മുംബൈ: പ്രമുഖ യുക്തിവാദി നേതാക്കളും സംഘപരിവാര വിമര്‍ശകരുമായിരുന്ന നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതക കേസുകളിലെ നടത്തിപ്പിലുണ്ടാവുന്ന കാലതാമസമാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇത്തരം കേസുകള്‍ പോലും ശരിയാം വിധം അന്വേഷിക്കാനാവാത്ത വിധം തിരക്കിലാണോ മുഖ്യമന്ത്രി എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കോടതിയുടെ ഇടപെടല്‍ വേണ്ടി വരിക എന്നത് വളരെ മോശമാണെന്നും കോടതി വിമര്‍ശിച്ചു. അഭ്യന്തരമടക്കം 11 വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. എന്നിട്ടും കേസുകളുടെ അന്വേഷണത്തിനു വരുന്ന തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇത് വളരെ ലജ്ജാകരമാണ്- കോടതി പറഞ്ഞു. പന്‍സാരെ കേസന്വേഷിക്കുന്ന കുറ്റാന്വേഷണ വിഭാഗത്തെയും കോടതി വിമര്‍ശിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് വിലയിരുത്തുന്നുണ്ടെന്നും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇത്തരം നടപടികള്‍ കൊണ്ടൊന്നും കേസ് അന്വേഷണത്തില്‍ ഫലമുണ്ടാവില്ലെന്നും പണത്തിനായി വിവരം നല്‍കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും കോടതി ചോദിച്ചു. പന്‍സാരെ കേസ് സംസ്ഥാന കുറ്റാന്വേഷണ വിഭാഗവും ദബോല്‍കര്‍ കേസ് സിബിഐയും ആണ് അന്വേഷിക്കുന്നത്.