സഹപ്രവര്‍ത്തകരെ വെടിവച്ചശേഷം ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

ആന്ധ്രാപ്രദേശില്‍നിന്നുള്ള ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ബി ദുര്‍ഗ റാവു (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

Update: 2019-04-06 15:49 GMT

അഗര്‍ത്തല: ത്രിപുരയിലെ സൈനിക ക്യാംപില്‍ സഹപ്രവര്‍ത്തകര്‍ക്കുനേരേ വെടിയുതിര്‍ത്തശേഷം ജവാന്‍ സ്വയം വെടിവച്ചു മരിച്ചു. ആന്ധ്രാപ്രദേശില്‍നിന്നുള്ള ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ബി ദുര്‍ഗ റാവു (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വെടിയേറ്റ രണ്ടു ജവാന്‍മാരെ സൈനിക ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദുര്‍ഗറാവു കുടുംബത്തിലെ ഒരംഗവുമായി സംസാരിച്ചുകൊണ്ടിരിക്കവെ പെട്ടെന്ന് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്പി അനില്‍കുമാര്‍ പറഞ്ഞു. വെടിയൊച്ച കേട്ട് മറ്റൊരു ജവാന്‍ ധന്‍രാജ് ഓടിയെത്തി ദുര്‍ഗയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും റാവു സ്വയം നിറയൊഴിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ ദുര്‍ഗ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എസ്പി വ്യക്തമാക്കി.  

Tags:    

Similar News