പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് പഞ്ചാബിലെ വ്യവസായികള്‍; കര്‍ഷക നേതാവ് ഗുര്‍ണാം സിങ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

Update: 2021-08-10 13:58 GMT

ലുധിയാന: പഞ്ചാബിലെ വ്യവസായികള്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ആര്‍തിക് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഭാരതീയ കിസാന്‍ യൂനിയന്‍ (ചാദുനി) നേതാവ് ഗുര്‍ണാം സിങ് ചാദുനിയെ 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ട്രേഡേഴ്‌സ് അസോസിയേഷന്‍ നേതാവ് തരുണ്‍ ബാവയെ പാര്‍ട്ടിയുടെ സ്ഥാപക ദേശീയ പ്രസിഡന്റായും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരെയും വ്യാപാരികളെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നതാവും പുതിയ പാര്‍ട്ടി.

വിവിധ വ്യാപാരി സംഘടനകളുടെ പ്രതിനിധികള്‍ തിങ്കളാഴ്ച ഹരിയാനയില്‍നിന്നുള്ള കര്‍ഷക നേതാവായ ചാദുനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. പഞ്ചാബില്‍നിന്നുള്ള കര്‍ഷക സംഘടനകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ഗുര്‍ണാം സിങ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് സംയുക്ത കര്‍ഷക മോര്‍ച്ചയില്‍നിന്നും ഏഴ് ദിവസത്തേക്ക് ചാദുനിയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സമരം കേന്ദ്രത്തിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെയാണെന്നും രാഷ്ട്രീയം തങ്ങളുടെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

'മിഷന്‍ പഞ്ചാബ്' എന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പഞ്ചാബില്‍നിന്നുള്ള സംഘടനകള്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തന്റെ 'മിഷന്‍ പഞ്ചാബ് 2022' ന്റെ വിജയത്തിനായി പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ലുധിയാനയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചാദുനി പറഞ്ഞു.

നിയമസഭയിലേക്കുള്ള 117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തും. കര്‍ഷകരെയും വ്യാപാരികളെയും തൊഴിലാളികളെയും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അവഗണിക്കുകയാണ്. സമൂഹത്തിലെ അവഗണിക്കപ്പെട്ട ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ചാദുനി പ്രത്യാശ പ്രകടിപ്പിച്ചു. കര്‍ഷകര്‍ ആവശ്യപ്പെടുന്ന എംഎസ്പി വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ കര്‍ഷകര്‍ക്ക് ഒരു ഉറപ്പും നല്‍കുന്നില്ല. പുതിയ സംഘടന കര്‍ഷകരുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമായി സ്വന്തം ഭൂരിപക്ഷത്തില്‍ നിയമനിര്‍മാണസഭയില്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Tags:    

Similar News