പൗരത്വപ്രക്ഷോഭം: യുപിയില്‍ 108 പേര്‍കൂടി അറസ്റ്റില്‍; പോലിസിനെതിരേ ഹരജി നല്‍കിയതിന്റെ പകപോക്കലെന്ന് പോപുലര്‍ ഫ്രണ്ട്
പുതിയ അറസ്റ്റിന് പിന്നില്‍ സംഘടനയ്‌ക്കെതിരേ 'തെറ്റായ രേഖകള്‍' സൃഷ്ടിക്കാനുള്ള പോലിസിന്റെ ഗൂഢശ്രമമാണെന്നും പോപുലര്‍ ഫ്രണ്ട് ആരോപിച്ചു. ഹരജിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഫെബ്രുവരി 17ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ബെഞ്ചിന് മുമ്പാകെ അടുത്ത വാദം കേള്‍ക്കുമ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ പ്രശ്‌നക്കാരായി ചിത്രീകരിക്കാനുള്ള പോലിസിന്റെ നീക്കമാണെന്ന് ഇപ്പോഴത്തെ അവരുടെ നടപടികളില്‍നിന്ന് വ്യക്തമാണ്.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ 108 പെരെക്കൂടി തിങ്കളാഴ്ച അറസ്റ്റുചെയ്തു. പൗരത്വപ്രക്ഷോഭത്തിന്റെ പേരുപറഞ്ഞ് ഉത്തര്‍പ്രദേശില്‍ പോലിസ് നടത്തിയ നരനായാട്ടിനെതിരേ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകപോക്കലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം യുപി പോലിസിന്റെ പുതിയ അറസ്റ്റെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹ്മാന്‍ കാരവാന്‍ ഡെയ്‌ലിയോട് പറഞ്ഞു. പോപുലര്‍ ഫ്രണ്ട് അംഗങ്ങളല്ല, അനുഭാവികളാണ് അറസ്റ്റിലായവര്‍.
യുപിയില്‍ പോപുലര്‍ ഫ്രണ്ടിന് ഒമ്പത് അംഗങ്ങളുള്ള ഒരു അഡ്‌ഹോക് കമ്മിറ്റി മാത്രമാണുള്ളത്. പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ സ്റ്റേറ്റ് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ വസിം അഹമ്മദ്, അംഗങ്ങളായ നദിം അഹമ്മദ്, മുഹമ്മദ് അഷ്ഫാഖ് എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ജയില്‍മോചിതനായത്. എന്നാല്‍, ഇതിനുശേഷമാണ് 108 പേരെ വീണ്ടും അറസ്റ്റുചെയ്തിരിക്കുന്നത്. പോലിസിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഹൈക്കോടതിയില്‍ ഹരജി നല്‍കിയ പോപുലര്‍ ഫ്രണ്ട് അഡ്‌ഹോക്ക് കമ്മിറ്റി അംഗം മുഫ്തി ഷഹദാസിന്റെ കുടുംബാംഗങ്ങളെ അറസ്റ്റുചെയ്യുകയും മര്‍ദിക്കുകയും പോലിസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷാമില്‍, കൈരാന, മീററ്റ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പോലിസ് അതിക്രമത്തിനെതിരേ പരാതികള്‍ നല്‍കിയവരെയും പോലിസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.
പുതിയ അറസ്റ്റിന് പിന്നില്‍ സംഘടനയ്‌ക്കെതിരേ 'തെറ്റായ രേഖകള്‍' സൃഷ്ടിക്കാനുള്ള പോലിസിന്റെ ഗൂഢശ്രമമാണെന്നും പോപുലര്‍ ഫ്രണ്ട് ആരോപിച്ചു. ഹരജിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഫെബ്രുവരി 17ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ബെഞ്ചിന് മുമ്പാകെ അടുത്ത വാദം കേള്‍ക്കുമ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ പ്രശ്‌നക്കാരായി ചിത്രീകരിക്കാനുള്ള പോലിസിന്റെ നീക്കമാണെന്ന് ഇപ്പോഴത്തെ അവരുടെ നടപടികളില്‍നിന്ന് വ്യക്തമാണ്. യുപിയിലെ അക്രമം ആരാണ് ആസൂത്രണം ചെയ്തതെന്നും എന്തിനാണെന്നും കണ്ടെത്തുന്നതിന് ഒരു സിറ്റിങ് ജഡ്ജി, അല്ലെങ്കില്‍ റിട്ട. സുപ്രിംകോടതി ജഡ്ജിയുടെയോ ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു കേസ് പോലും ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഇതിന് ഒരു മറുപടിയും പറഞ്ഞിരുന്നില്ല. ഇതിന്റെ വൈരാഗ്യത്താലാണ് യുപി പോലിസ് രണ്ടാംഘട്ട അറസ്റ്റ് ആരംഭിച്ചത്. പോപുലര്‍ ഫ്രണ്ട് അംഗങ്ങളാണെന്നാരോപിച്ചാണ് നൂറുകണക്കിന് മുസ്‌ലിംകളെ പോലിസ് ജയിലിലടച്ചത്. ഡിസംബറില്‍ ആദ്യഘട്ടം ആയിരക്കണക്കിന് മുസ്‌ലിംകളെ അറസ്റ്റുചെയ്തപ്പോള്‍ 25 ഓളം പേര്‍ മാത്രമാണ് പോപുലര്‍ ഫ്രണ്ട് അംഗങ്ങളായുണ്ടായിരുന്നത്. സംഘടനയ്ക്ക് ആയിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെങ്കിലും യുപിയില്‍ കുറച്ച് അംഗങ്ങള്‍ മാത്രമാണുള്ളതെന്ന് ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
സിഎഎ വിരുദ്ധപ്രക്ഷോഭത്തിനിടെ പോപുലര്‍ ഫ്രണ്ട് അക്രമം നടത്തിയെന്നതിന് തെളിവ് ഹാജരാക്കുന്നതില്‍ പോലിസ് പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പോപുലര്‍ ഫ്രണ്ട് ഒരുതരത്തിലുള്ള അക്രമത്തിലും ഏര്‍പ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്. സംഘടന എല്ലായ്‌പ്പോഴും രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ പോരാട്ടങ്ങള്‍ നടത്തുകയുമാണ് ചെയ്തുവരുന്നത്. യുപി പോലിസാണെങ്കില്‍ നിയമം ലംഘിച്ച് 23 ഓളം നിരപരാധികളെ വെടിവച്ചുകൊല്ലുകയാണ് ചെയ്തത്. എത്ര ഭീഷണികളുണ്ടായാലും യുപി സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടാനുള്ള നിയമപോരാട്ടം സംഘടന തുടരുമെന്ന് ഇ എം അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി.