മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി; അമ്മയെ തലമുണ്ഡനം ചെയ്ത് ഭിന്നശേഷിക്കാരനെകൊണ്ട് ബലമായി വിവാഹം കഴിപ്പിച്ചു

തന്റെ കല്യാണ ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയ്ക്ക് നേരെയുള്ള പ്രതികാര നടപടി.

Update: 2020-11-23 10:18 GMT

പറ്റ്‌ന: മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി വിവാഹം ചെയ്തതിനു പ്രതികാരമായി 43കാരിയായ വീട്ടമ്മയെ തലമുണ്ഡനം നടത്തി ഭിന്നശേഷിക്കാരനെ കൊണ്ട് ബലമായി വിവാഹം കഴിപ്പിച്ച് ഗ്രാമവാസികള്‍. ബിഹാറിലെ ദര്‍ബംഗ ഗ്രാമത്തിലാണ് സംഭവം. തന്റെ കല്യാണ ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയ്ക്ക് നേരെയുള്ള പ്രതികാര നടപടി. ദലിത് വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരനെ കൊണ്ടുവന്ന് അമ്മയെ കൊണ്ട് ബലമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ തലമുമുണ്ഡനം നടത്തിയ ശേഷമായിരുന്നു ബലമായി കല്യാണം കഴിപ്പിച്ചത്.

നവംബര്‍ 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പാണ് 21കാരന്‍ അയല്‍വാസിയുടെ 18കാരിയായ മകളുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇതിന്റെ പേരില്‍ സ്ത്രീയുടെ തലമുണ്ഡനം ചെയ്ത് റോഡിലൂടെ നടത്തിച്ച വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭിന്നശേഷിക്കാരനെ കൊണ്ട് സ്ത്രീയെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ സ്ത്രീയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. മകന്‍ കല്യാണം കഴിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് എതിരെയാണ് പരാതി നല്‍കിയത്. മകന്‍ ഒളിച്ചോടിയതിന് പിന്നാലെ അതിക്രമിച്ച് കയറിയ യുവതിയുടെ ബന്ധുക്കള്‍ വീട് അടിച്ചുതകര്‍ക്കുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News