കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡിഗ്‌നിറ്റി കോണ്‍ഫറന്‍സ് നവംബര്‍ 6ന് ഡല്‍ഹിയില്‍

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 'ആത്മാഭിമാനത്തിന്റെ ഒരു ദശകം' എന്ന പ്രമേയത്തില്‍ നവംബര്‍ ആറിന് ഡല്‍ഹി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്.

Update: 2019-09-27 03:58 GMT

ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 'ആത്മാഭിമാനത്തിന്റെ ഒരു ദശകം' എന്ന പ്രമേയത്തില്‍ നവംബര്‍ ആറിന് ഡല്‍ഹി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്. ന്യൂഡല്‍ഹി പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പത്തുവര്‍ഷക്കാലം വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനവും ആത്മവിശ്വാസവും വിദ്യാര്‍ത്ഥി എന്ന നിലയില്‍ അന്തസ്സും നല്‍കിയ ഒരു ദശകമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിശബ്ദ കാഴ്ചക്കാരാകാതെ, സക്രിയമായി ഇടപെടുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ഇക്കാലയളവില്‍ സംഘടന വളര്‍ത്തിയെടുത്തത്. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ചട്ടുകങ്ങളായി മാറുന്നതിനേക്കാള്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട ഒരു ദശകമായിരുന്നു അത്. നിസ്സഹായരും അസംഘടിതരുമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ കാംപസ് ഫ്രണ്ട് വിജയിച്ചു.

ഫാഷിസം, സാമ്രാജ്യത്വം, സര്‍ക്കാറിന്റെ സമ്പന്ന അനുകൂല ജനവിരുദ്ധ, മുതലാളിത്ത നയങ്ങള്‍ ക്കെതിരില്‍ കലാലയങ്ങളില്‍ കാംപസ് ഫ്രണ്ട് എന്നും നിലയുറപ്പിച്ചു. ഇക്കാലയളവില്‍ വിദ്യാര്‍ഥികളിലെ മൂല്യച്യുതിക്കും സാമൂഹിക വിവേചനത്തിനുമെതിരില്‍ ശബ്ദമുയര്‍ത്തി. നീതിയും സമത്വവും ഉള്ള ഒരു സാമൂഹിക ക്രമം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കാംപസ് ഫ്രണ്ട് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫ്, എസ് മുഹമ്മദ് റാഷിദ്, ആതിക് റഹ്മാന്‍, സാബി അഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. നവംബര്‍ ആറിന് രാവിലെ 11ന് സമ്മേളനം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 

Tags:    

Similar News