പശ്ചിമ ബംഗാളിലെ അക്രമം; സിബിഐ ഒരു കേസ് കൂടി ഫയല്‍ ചെയ്തു

ഈ വര്‍ഷം മെയില്‍ പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ ബിശ്വജിത്ത് മഹേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ കേസെന്ന് സിബിഐ അറിയിച്ചു. ഈ വര്‍ഷം ആഗസ്ത് 19ന് പുറപ്പെടുവിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്.

Update: 2021-11-10 01:27 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം മെയില്‍ പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ ബിശ്വജിത്ത് മഹേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ കേസെന്ന് സിബിഐ അറിയിച്ചു. ഈ വര്‍ഷം ആഗസ്ത് 19ന് പുറപ്പെടുവിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്.

സിബിഐ ഇതുവരെ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം തുടരുകയാണ്. മെയ് രണ്ടിന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി അക്രമസംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘവും അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷം ആഗസ്തില്‍ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

താരതമ്യേന ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) രൂപീകരിച്ച ഏഴംഗ സമിതി നേരത്തെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ പരിശോധിക്കുകയും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News