സുശാന്ത് സിങിന്റെ മരണം; റിയ ചക്രബര്‍ത്തിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ
റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്ക് വിട്ടത്.
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരേ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്ക് വിട്ടത്. സുശാന്ത് സിങ് മരിച്ച് അമ്പത്തിരണ്ട് ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് ഏറ്റെടുത്തത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സാമ്പത്തിക ക്രമക്കേട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ റിയയെ ചോദ്യം ചെയ്യും. റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതേ സമയം കേസ് അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്ന പാറ്റ്ന പോലിസ് സംഘം ബിഹാറിലേക്ക് മടങ്ങി.
കള്ളപ്പണം വെളുപ്പിക്കാന്‍ റിയയും റിയയുടെ സഹോദരനും സുശാന്തിനെ ഉപയോഗിച്ചെന്ന് സുശാന്തിന്റെ അച്ഛന് പരാതി നല്‍കിയിരുന്നു. സുശാന്തിന്റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരന് ഷൗവിക് ചക്രബര്‍ത്തിയും പങ്കാളികളാണ്. 15 കോടിയിലധികം രൂപ ഷൗവിക് ഈ കമ്പനികള്‍ മറയാക്കി വെളുപ്പിച്ചെന്നാണ് ബിഹാര്‍ പോലിസിന് നല്കിയ പരാതി. ഇക്കാര്യം ഇഡി ഗൗരവത്തിലെടുത്തിട്ടുണ്ട്.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബിഹാര്‍ പോലിസിന്റെ എഫ്ഐആറിന്റെ പകര്‍പ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സുശാന്തുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി റിയ മുംബൈ പോലിസിന് മൊഴി നല്‍കിയിരുന്നു.