കെജ്‌രിവാളിന്റെ രാജിക്ക് കേന്ദ്ര സമ്മര്‍ദ്ധം; രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിന്റെ രാജി ആവശ്യത്തിനായി കേന്ദ്രത്തിന്റെ മുറവിളി. രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ബിജെപി നീക്കം. കെജ്‌രിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, കെജ്‌രിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. അറസ്റ്റിന് പിറകെ അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധി എല്ലാ പിന്തുണയും അറിയിച്ചു. നിയമ പോരാട്ടത്തിന് സഹായവും വാഗ്ദാനം ചെയ്തു. രാഹുല്‍ ഗാന്ധി ഇന്ന് കെജ്രിവാളിന്റെ വീട്ടില്‍ നേരിട്ടെത്തി പിന്തുണ അറിയിക്കും. ഒരു ഏകാധിപതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നായിരുന്നു അറസ്റ്റിന് പിറകെയുള്ള രാഹുലിന്റെ പ്രതികരണം.
അറസ്റ്റിന് പിറകെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കെജ്‌രിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തികള്‍ക്കെതിരെ ഇന്ത്യാ സംഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാര്‍ വ്യക്തമാക്കി. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്ന് എക്‌സില്‍ രേഖപ്പെടുത്തിയ തരൂര്‍, ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്ന ബിജെപിക്കെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.