കശ്മീരില്‍ പെല്ലറ്റിനു പകരം പ്ലാസ്റ്റിക് ബുള്ളറ്റ് പരീക്ഷണത്തിനു കേന്ദ്രം

പ്ലാസ്റ്റിക് ബുള്ളറ്റ് ഒരേസമയം നൂറിലേറെ പേര്‍ക്കെതിരേ പ്രയോഗിക്കാനാവും

Update: 2019-01-13 03:11 GMT

ശ്രീനഗര്‍: പ്രക്ഷോഭകാരികളെ നേരിടാന്‍ മാരകമായ പെല്ലറ്റ് ഉപയോഗിക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കിയതോടെ പകരം അത്ര മാരകമല്ലെന്നു അവകാശപ്പെട്ട് പ്ലാസ്റ്റിക് ബുള്ളറ്റുമായി കേന്ദ്രസര്‍ക്കാര്‍. പ്ലാസ്റ്റിക് ബുള്ളറ്റിന്റെ നിര്‍മാണം നടക്കുകയാണെന്നു ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞു. പ്ലാസ്റ്റിക് ബുള്ളറ്റ് മുഖത്തോ ഏതെങ്കിലും അവയവത്തിലോ പതിക്കുകയാണെങ്കില്‍ നല്ല പരിക്കേല്‍ക്കും. ഇതുകൊണ്ടുള്ള ഒരു നേട്ടം, പെല്ലറ്റ് ഒരാളെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പ്ലാസ്റ്റിക് ബുള്ളറ്റ് ഒരേസമയം നൂറിലേറെ പേര്‍ക്കെതിരേ പ്രയോഗിക്കാനാവുമെന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡോ. പ്രിന്‍സ് ശര്‍മ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി ണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്ലാസ്റ്റിക് ഉല്‍പന്നം കൂടുതല്‍ നിര്‍മിക്കുന്നതിനു മഹാരാഷ്ട്രയിലെ വാറങ്ഗണ്‍ ഫാക്ടറിക്കു നല്‍കുന്നതിനു മുന്നോടിയായി ആഭ്യന്തര വകുപ്പിനു കൈമാറി വിലയിരുത്തും. അതിനു ശേഷമാവും സുരക്ഷാസേനകള്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ പ്രയോഗിക്കുക. എകെ-47 റൈഫിളില്‍ നിന്നു തികച്ചും വിഭിന്നമാണ് പ്ലാസ്റ്റിക് ബുള്ളറ്റ്. അരയ്ക്കു താഴെയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാരകമായി പരിക്കേല്‍ക്കില്ലെങ്കിലും മരണം വരെ സംഭവിക്കാമെന്നും ഡോ. ശര്‍മ പറയുന്നു. മൃഗങ്ങളെ വേട്ടയാടാന്‍ രൂപകല്‍പന ചെയ്തിരുന്ന പെല്ലറ്റ് തോക്കുകള്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വ്യാപക വിമര്‍ശനമാണ് നേരിടേണ്ടിവന്നിരുന്നത്. പെല്ലറ്റ് ഉപയോഗം കാരണം കശ്മീരില്‍ നൂറുകണക്കിനു പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. പ്ലാസ്റ്റിക് ബുള്ളറ്റ് പെല്ലറ്റിനേക്കാള്‍ 500 മടങ്ങ് മാരകശേഷി കുറഞ്ഞതാണെന്നും കലാപസമയത്തും മറ്റുമാണ് ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്നും ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറി(ടിബിആര്‍എല്‍) ഡയറക്ടര്‍ മഞ്ജിത് സിങ് പറഞ്ഞു. പ്ലാസ്റ്റിക് പെല്ലറ്റ് പരീക്ഷണം വിജയകരമാണെന്നും ലബോറട്ടറി പരീക്ഷണങ്ങള്‍ക്കു ശേഷം പാരാമിലിറ്ററി സേനയ്ക്കു നല്‍കുമെന്നും ടിബിആര്‍എല്‍ ഓഫിസില്‍ നിന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് പ്ലാസ്റ്റിക് ബുള്ളറ്റ് പ്രയോഗിക്കുന്നത്. ലാബ് പരീക്ഷണങ്ങള്‍ക്കല്ലാതെ ഈയടുത്ത കാലത്തൊന്നും ഈ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും ശര്‍മ പറഞ്ഞു. കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റ്, മുളകിന്റെ അംശമടങ്ങിയ ഷെല്ലുകള്‍, പെല്ലറ്റ് തുടങ്ങി വ്യത്യസ്ത ആയുധങ്ങള്‍ പരീക്ഷിച്ചതില്‍ മരണം കൂടുകയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വര്‍ധിക്കുകയും ചെയ്തതോടെയാണ് അത്ര മാരകമല്ലെന്നു അധികൃതര്‍ വിശദീകരിക്കുന്ന പ്ലാസ്റ്റിക് ബുള്ളറ്റ് പരീക്ഷിക്കാനൊരുങ്ങുന്നത്.

    അതേസമയം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പൊതുമുതല്‍ നശിപ്പിക്കുന്നതും കൊലപാതകവും നടക്കുന്നുണ്ടെങ്കിലും എല്ലാ ആയുധങ്ങളും പരീക്ഷിക്കപ്പെടുന്നത് കശ്മീരിലാണെന്നു മുതിര്‍ന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ നിയമമന്ത്രിയുമായ അലി മുഹമ്മദ് സാഗര്‍ പറഞ്ഞു. അവരൊന്നും പെല്ലറ്റ് ആക്രമണത്തിനു ഇരകളായിട്ടില്ല. കശ്മീരികളെ ഗിനി പന്നികളെ പോലെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കാനുള്ള നീക്കത്തെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം പര്‍വേസ് വിമര്‍ശിച്ചു. 2010ല്‍ ആദ്യമായാണു പെല്ലറ്റ് ഉപയോഗിച്ചത്. ഇപ്പോള്‍ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം യുവാക്കളുടെ പെല്ലറ്റ് പ്രയോഗത്താല്‍ അന്ധരായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ പ്ലാസ്റ്റിക് ബുള്ളറ്റും കശ്മീരികളെ കൊന്നൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    എന്നാല്‍ ആദ്യമായല്ല കേന്ദ്രസര്‍ക്കാര്‍ പ്ലാസ്റ്റിക് ബുള്ളറ്റ് പ്രയോഗിക്കുന്നതെന്നും 2017 ഏപ്രിലില്‍ ഉപയോഗിച്ചതു കാരണം പെല്ലറ്റ് ആക്രമണത്തിലെ ഇരകളുള്‍പ്പെടെ 12000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അഞ്ചുമാസത്തെ പ്രക്ഷോഭത്തിനൊടുവില്‍ വിമര്‍ശനം ശക്തമായതോടെയാണ് പെല്ലറ്റുകള്‍ ഉപയോഗിച്ചതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, പ്ലാസ്റ്റിക് ബുള്ളറ്റ് താരതമ്യേന പരിക്ക് കുറഞ്ഞതാണെന്നാണു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വാദം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പെല്ലറ്റ് പ്രയോഗത്തില്‍ കശ്മീരില്‍ നിരവധി യുവാക്കളാണ് ജീവച്ഛവമായി ജീവിക്കുന്നത്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെ കണക്കനുസരിച്ച് 1570ലേറെ കൗമാരക്കാരായ യുവാക്കളും പെണ്‍കുട്ടികളുമാണ് വ്യത്യസ്ത തോതില്‍ അന്ധരായി കഴിയുന്നത്. 27 വയസ്സുള്ള മുഹമ്മദ് അശ്‌റഫിനു 2016 ഒക്ടോബറില്‍ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടിരുന്നു. ആറു ശസ്ത്രക്രിയകള്‍ക്കും നിരവധി ചികില്‍സയ്ക്കും ശേഷം ഒരു കണ്ണിനു 20 ശതമാനം കാഴ്ച മാത്രമാണു തിരിച്ചുകിട്ടിയത്. ശ്രീനഗറിലെ ആശുപത്രികളില്‍ കാഴ്ച നഷ്ടപ്പെട്ട നിരവധി പേരാണ് ചികില്‍സയ്‌ക്കെത്തിയത്. എസ്എംഎച്ച്എസ് ആശുപത്രിയില്‍ മാത്രം 363 കേസുകളാണെത്തിയത്. പെല്ലറ്റ് ആദ്യമായി ഉപയോഗിച്ച 2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ 20 മരണം സംഭവിച്ചിട്ടുണ്ടെന്നാണു കണക്ക്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ കണക്ക് പ്രകാരം കുറഞ്ഞത് 1726 പേര്‍ പൂര്‍ണമായും വികലാംഗരാക്കപ്പെട്ടു.

    2002ല്‍ അയര്‍ലന്റ് പ്രക്ഷോഭത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഐക്യരാഷ്ട്ര സഭ നിരോധിച്ചിരുന്നു. നോര്‍ത്ത് അയര്‍ലന്റില്‍ 17 പേര്‍ പ്ലാസ്റ്റിക് ബുള്ളറ്റ് പ്രയോഗത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ''ആയിരക്കണക്കിനു യുവാക്കളെയാണ് ഇരുട്ടിന്റെ ലോകത്തേക്കു തള്ളിവിട്ടത്. അവര്‍ വീടുകളിലെ നാലുചുവരുകളില്‍ തളച്ചിടപ്പെട്ടു. പെല്ലറ്റിന്റെ ഇരയായ ഒരു യുവാവ് ജീവച്ഛവമായാണു നടക്കുന്നത്. യാതൊരു ലക്ഷ്യവുമില്ല. ദിനേന പത്തു തവണയാണ് അവര്‍ മരിക്കുന്നത്. ഇതിനേക്കാള്‍ നല്ലത് ഒരു ബുള്ളറ്റ് ഉപയോഗിച്ച് കൊല്ലുകയാണ്''-പുല്‍വാമ ഗ്രാമത്തിലെ അശ്‌റഫ് പറഞ്ഞു. അതേസമയം, ജമ്മു കശ്മീര്‍ പോലിസ് മേധാവി ദില്‍ബാഗ് സിങ് പ്ലാസ്റ്റിക് ബുള്ളറ്റിനെ സ്വാഗതം ചെയ്തു. പെല്ലറ്റിനു മികച്ച പകരക്കാരനാണിതെന്നും പരിക്ക് കുറയ്ക്കുന്ന ആയുധമാണെന്നും ഒടുവില്‍ താഴ് വരയില്‍ സമാധാനം പുലരും. മറിച്ചുള്ള കാര്യങ്ങളെല്ലാം സത്യമാണോയെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജമ്മു കശ്മീരിലെ പോലിസ് സേനയുമായി യാതൊരുവിധ ചര്‍ച്ചയും നടത്താതെയാണ് പ്ലാസ്റ്റിക് ബുള്ളറ്റിനു അനുമതി നല്‍കിയതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം കശ്മീരിനെ സായുധവല്‍ക്കരിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം 70 പേര്‍ കൊല്ലപ്പെട്ടത് ബുള്ളറ്റ് പ്രയോഗത്തിലാണെന്നും പര്‍വേസ് ആരോപിച്ചു. എന്നാല്‍, കേന്ദ്രത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമുള്ള പുതിയ ആയുധം കശ്മീരില്‍ പ്രയോഗിക്കുന്നത് കൂടുതല്‍ അപകടകരമാണെന്നാണു രാഷ്ട്രീയ നിരീക്ഷകന്‍ നൂര്‍ എം ബാബയുടെ വിലയിരുത്തല്‍.




Tags:    

Similar News