നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ ഹരജിയില്‍ ഹൈക്കോടതി ഞായറാഴ്ച വാദം കേള്‍ക്കും
ഞായറാഴ്ച വാദം കേള്‍ക്കുന്നതിന് മുന്നോടിയായി കേസിലെ നാലുപ്രതികള്‍ക്കും ജയില്‍ ഡിജിക്കും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്ത പട്യാല ഹൗസ് കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഞായറാഴ്ച വാദം കേള്‍ക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഹരജി പരിഗണിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് പ്രതികളുടെ മരണവാറണ്ട് സ്‌റ്റേ ചെയ്ത ഡല്‍ഹി പാട്യാല ഹൗസ് കോടതി നടപടിയെ ചോദ്യംചെയ്ത് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്. ഞായറാഴ്ച വാദം കേള്‍ക്കുന്നതിന് മുന്നോടിയായി കേസിലെ നാലുപ്രതികള്‍ക്കും ജയില്‍ ഡിജിക്കും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോവാനാണ് പ്രതികളുടെ ശ്രമമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
അതേസമയം നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷ സ്‌റ്റേ ചെയ്ത പട്യാല കോടതി ഉത്തരവിനെതിരേ തിഹാര്‍ ജയില്‍ അധികൃതരും ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. നിയമം ദുരൂപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോവാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്‌റ്റേ റദ്ദാക്കണമെന്നും വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ ഉ ത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഫെബ്രുവരി ഒന്നിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് സ്‌റ്റേ ചെയ്യാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ചയാണ് ഉത്തരവിട്ടിരുന്നത്. വിനയ് ശര്‍മയുടെ ദയാ ഹരജി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വാറണ്ട് കോടതി സ്‌റ്റേ ചെയ്തത്.
നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നല്‍കണമെന്ന വിനയ് ശര്‍മയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാലുപ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍. ഈ ദയാഹരജി ശനിയാഴ്ച രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നു. ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ നടപടി. ദയാഹരജി തള്ളിയ ശേഷം നോട്ടീസ് നല്‍കി 14 ദിവസം കഴിഞ്ഞാണ് ശിക്ഷ നടപ്പാക്കാറുള്ളത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂറും ശനിയാഴ്ച രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്.