മുന്‍ രാജ്യസഭാ എംപി ചന്ദന്‍ മിത്ര അന്തരിച്ചു

Update: 2021-09-02 05:50 GMT

ന്യൂഡല്‍ഹി: മുന്‍ രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര (65) അന്തരിച്ചു. ബുധനാഴ്ച രാത്രിയില്‍ ഡല്‍ഹിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി രോഗംബാധിച്ച് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ കുശാന്‍ മിത്രയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പിതാവ് ഇന്നലെ രാത്രി മരണപ്പെട്ടുവെന്നും കുറച്ചുകാലമായി അദ്ദേഹം ആരോഗ്യവിഷമതകള്‍ അനുഭവിച്ചിരുന്നുവെന്നും മകന്‍ കുശാന്‍ മിത്ര ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ് ദിനപത്രമായ ദി പയനിയറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു. ഈ വര്‍ഷം ജൂണില്‍ പയനിയറിന്റെ പ്രിന്റര്‍ പ്രസാധക സ്ഥാനം രാജിവച്ചിരുന്നു. ബിജെപി അംഗമായാണ് രാജ്യസഭയിലെത്തിയത്. പിന്നീട് 2018 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2003 ആഗസ്ത് മുതല്‍ 2009 വരെ നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ബിജെപി നേതാവ് എല്‍ കെ അദ്വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചന്ദന്‍ മിത്ര, 2010 ജൂണില്‍ മധ്യപ്രദേശില്‍നിന്ന് ബിജെപിയുടെ രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

2016ല്‍ രാജ്യസഭാ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് 2018ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മിത്രയ്ക്ക് ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്. ചന്ദന്‍ മിത്രയുടെ 'ബുദ്ധിയും ഉള്‍ക്കാഴ്ചയും' ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാധ്യമങ്ങളിലും രാഷ്ട്രീയത്തിലും അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Tags:    

Similar News