ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലിസ് കസ്റ്റഡിയില്‍; വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം

തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലിസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുപ്പതി വിമാനത്താവളത്തില്‍ ചന്ദ്രബാബു നായിഡു കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Update: 2021-03-01 08:26 GMT

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലിസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലിസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുപ്പതി വിമാനത്താവളത്തില്‍ ചന്ദ്രബാബു നായിഡു കുത്തിയിരുന്ന് പ്രതിഷേധിച്ചു.

രണ്ട് പ്രതിഷേധ പരിപാടികള്‍ക്കും അനുമതിയില്ലെന്ന് കാണിച്ച് നേരത്തെ പോലിസ് നായിഡുവിനെ നോട്ടീസ് നല്‍കിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് നായിഡു മുക്കാല്‍ മണിക്കൂറോളം പ്രതിഷേധം നടത്തിയ ശേഷം തിരിച്ചുപോവാന്‍ സമ്മതിച്ചു. പ്രതിഷേധ പരിപാടി നടക്കുന്ന പ്രദേശത്തുള്ള ടിഡിപി നേതാക്കളെ പോലിസ് നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.

പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് നായിഡുവിന് ലഭിച്ച അനുമതികളില്‍ ചില ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഞങ്ങളെ തടയാനോ നിശബ്ദരാക്കാനോ നിങ്ങള്‍ക്ക് കഴിയില്ലെന്ന് പോലിസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി നായിഡു ട്വീറ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രതികാര നടപടികൊണ്ടൊന്നും താന്‍ ജനങ്ങളിലേക്ക് എത്തുന്നതിന് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News