അതിതീവ്ര മഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട്

Update: 2021-11-26 11:55 GMT

ചെന്നൈ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ തമിഴ്‌നാട്ടിലെ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പടെയുള്ള 16 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരയ്ക്കല്‍, പുതുച്ചേരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ടൈ, നാഗപട്ടണം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസം തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളില്‍ അതിതീവ്ര മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.

നവംബര്‍ 26 മുതല്‍ 29 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയും പ്രവചിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ മഴ ശക്തമായിരുന്നു. പുലര്‍ച്ചെ വരെ മഴ നീണ്ടതോടെ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. രാമനാഥപുരം, ചെന്നൈ, കന്യാകുമാരി, കടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂര്‍, പേരാമ്പ്ര, തിരുച്ചിറപ്പള്ളി, തേനി, ഡിണ്ടിഗല്‍, അരിയല്ലൂര്‍, വിരുദുനഗര്‍, പുതുക്കോട്ടൈ, തൂത്തുക്കുടി, തൂത്തുക്കുടി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

വില്ലുപുരം, തിരുവാരൂര്‍ ജില്ലകള്‍. മധുര, ശിവഗംഗ, കല്ല്കുറിച്ചി, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, തിരുവള്ളൂര്‍, നാമക്കല്‍ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്ചയും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തൂത്തുക്കുടി ജില്ലയിലെ കായല്‍പട്ടണത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ 31 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ തൂത്തുക്കുടിയില്‍ 27 സെന്റീമീറ്ററും തിരുച്ചെന്തൂരില്‍ 25 സെന്റീമീറ്ററും മഴ ലഭിച്ചു. വെള്ളിയാഴ്ച രാവിലെ 7.40 വരെ ചെന്നൈയില്‍ 7 സെന്റീമീറ്റര്‍ മഴ ലഭിച്ചു.

അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നഗരത്തില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കാനാണ് സാധ്യത. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി പേരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് പുറമേ കനത്ത കാറ്റുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News