കൊവിഡ് രോഗിയുടെ മൃതദേഹം മറ്റ് രോഗികള്‍ക്കൊപ്പം കിടന്നത് മണിക്കൂറുകള്‍
വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ചെന്നൈ സ്വദേശിയായ 54കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ചെന്നൈ: ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറ്റ് രോഗികള്‍ക്കൊപ്പം കിടക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ചെന്നൈയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലാണ് സംഭവം. മുപ്പതോളം രോഗികളുളള വാര്‍ഡില്‍, രോഗികള്‍ക്ക് സമീപമുളള കിടക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത്. ഇത്തരത്തില്‍ ആശുപത്രിയില്‍ രോഗികളെ ചികില്‍സിക്കുന്ന നടപടിക്കെതിരേ നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ചെന്നൈ സ്വദേശിയായ 54കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷമാണ്. അത്രയും നേരം മറ്റ് രോഗികളും ഈ വാര്‍ഡിലുണ്ടായിരുന്നു. മരണശേഷം അണുബാധ തടയാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ മൃതദേഹത്തില്‍ ചെയ്യേണ്ടതാണ്. എന്നാല്‍, മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രോഗികള്‍ക്കിടയില്‍തന്നെ ഉപേക്ഷിച്ച് ജീവനക്കാര്‍ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവിനായി കാത്തിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഉത്തരവെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം
അതേസമയം, സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയതാണെന്നും മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിന് മുമ്പ് വാര്‍ഡിലെ രോഗികളില്‍ ഒരാള്‍ എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ എട്ടുമണിക്ക് രോഗി മരിച്ചു, പത്ത് മണിക്ക് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി, വൈകിട്ട് അഞ്ചരയോടെ മൃതദേഹം സംസ്‌കരിച്ചുവെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കൂടാതെ മൃതദേഹവും മറ്റുളള രോഗികളെയും തമ്മില്‍ വേര്‍തിരിക്കുന്നതിനായി സ്‌ക്രീന്‍ വച്ചിട്ടുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അതേസമയം, വാര്‍ഡിലുണ്ടായിരുന്ന രോഗികള്‍ ഇത് തളളിക്കളഞ്ഞു.
നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ 50,000 കടന്നിരുന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ മാത്രം തമിഴ്‌നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുദിവസം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 48 മരണവും റിപോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കൊവിഡ് മരണം 576 ആയി. രോഗബാധിതരില്‍ കൂടുതലും ചെന്നൈയില്‍നിന്നുള്ളവരാണ്.