ഇറാന്‍ വിദേശകാര്യമന്ത്രിക്ക് യുഎന്‍ രക്ഷാസമിതിയില്‍ പങ്കെടുക്കാന്‍ വിസ നിഷേധിച്ച് യുഎസ്

ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ വിമര്‍ശനമുന്നയിക്കുന്നത് തടയുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ചതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.

Update: 2020-01-07 09:28 GMT

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫിന് വിസ നിഷേധിച്ചു യുഎസ്. ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ വിമര്‍ശനമുന്നയിക്കുന്നത് തടയുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ചതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ഇത്, 1947ല്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ച യുഎന്‍ കരാറിന്റെ ലംഘനമാണെങ്കിലും ആഭ്യന്തരസുരക്ഷ പരിഗണിച്ചാണ് ഈ നീക്കമെന്ന് യുഎസ് അവകാശപ്പെട്ടു. വ്യാഴാഴ്ച നടക്കുന്ന യോഗത്തിനല്‍ പങ്കെടുക്കുന്നതിന് അവസാന നിമിഷമാണ് യുഎസ് വിസ നിഷേധിച്ചത്.

യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കുന്നത് സരീഫ് നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാല്‍, ഖാസിം സുലൈമാനിയുടെ വധത്തോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശത്രുത കനത്തതോടെയാണ് യുഎസ് വിസ നിഷേധിച്ചത്. ഇറാനും യുഎസും യുദ്ധ മുനമ്പില്‍ നില്‍ക്കുന്ന വേളയിലാണ് സമാധാന ചര്‍ച്ചകള്‍ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ച് യുഎസ് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ചിരിക്കുന്നത്.

1947ല്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള യുഎന്‍ ധാരണപ്രകാരം യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധിക്കും സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം വിസ നിഷേധിക്കാന്‍ പാടില്ല.എന്നാല്‍, അമേരിക്കയുടെ ''സുരക്ഷാ, തീവ്രവാദ, വിദേശകാര്യനയം'' കണക്കിലെടുത്ത് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നല്‍കാനാകില്ലെന്നാണ് യുഎസ് ഭാഷ്യം.

സംഭവത്തില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതേവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിദേശകാര്യമന്ത്രിക്ക് യുഎസ് വിസ നിഷേധിച്ചെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ മാത്രമാണ് തങ്ങള്‍ കണ്ടിട്ടുള്ളത്. വിദേശകാര്യമന്ത്രി സരിഫിന്റെ വിസയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ഔദ്യോഗിക വിവരങ്ങളും തങ്ങള്‍ക്ക് നല്‍കിയിട്ടില്ല. യുഎന്നിന്റെ ഭാഗത്ത് നിന്നും ഇതുവരെ തങ്ങള്‍ക്ക് സന്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ദുജാറികും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. യുഎന്‍ ചാര്‍ട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി യോഗം ന്യൂയോര്‍ക്കില്‍ നടക്കുമെന്ന് നേരത്തേ തീരുമാനിക്കപ്പെട്ടതായിരുന്നു. ഈ വേദിയില്‍ ഇറാന്റെ വിദേശകാര്യ മന്ത്രി സൈനിക മേധാവിയെ വധിച്ചത് സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനമുയര്‍ത്തും. ഇതിന് ആഗോള ശ്രദ്ധ ലഭിക്കുകയും ചെയ്യും. ഇത് തടയാനാണ് യുഎസ് നീക്കം.

2019 ആഗസ്ത് മുതല്‍ യുഎസ് സരീഫിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎസില്‍ സരിഫിനുള്ള എല്ലാ സ്വത്തുവകകകളും പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍, തനിക്ക് യുഎസില്‍ ഒരു സമ്പാദ്യവും ഇല്ലെന്ന് അന്ന് സരിഫ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News