ഇസ്രായേലിന് തിരിച്ചടി; അഭ്യൂഹങ്ങള്‍ക്കിടെ സൈനികാഭ്യാസ പ്രകടനവുമായി ഇറാന്‍

Update: 2024-08-15 01:50 GMT

തെഹ്‌റാന്‍: രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ഇറാന്‍ സൈനികാഭ്യാസ പ്രകടനം നടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞമാസം ഒടുവില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് ഊര്‍ജം പകരുന്നതാണ് സൈനികാഭ്യാസമെന്ന് മെഹ്ര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.30 മുതല്‍ 8.30 വരെയായിരുന്നു കാസ്പിയന്‍ കടല്‍ത്തീരത്തെ ഇറാന്‍ പ്രവിശ്യയായ ഗിലാനില്‍ അഭ്യാസം നടന്നത്. നാവികസേനയുടെ പ്രതിരോധ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനാണ് സൈനികാഭ്യാസ പ്രകടനം ആസൂത്രണം ചെയ്തതെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.


Full View

മൂന്നു ദിവസത്തിനുള്ളില്‍ ഇറാന്റെ രണ്ടാമത്തെ സൈനികാഭ്യാസ പ്രകടനമാണിത്. ഹനിയ്യയുടെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. കൊലയ്ക്ക് ഉത്തരവാദി ഇസ്രായേല്‍ ആണെന്ന് ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഇതുവരെ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇസ്രായേലിനെതിരായ ഇറാന്റെ പ്രതികാര ഭീഷണിക്ക് തിരികൊളുത്തുന്നതായി.

അതിനിടെ, ഇസ്രായേലിനെതിരായ തിരിച്ചടിയുടെ കാര്യത്തില്‍ സംയമനം പാലിക്കണമെന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആഹ്വാനം ഇറാന്‍ തള്ളി. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഇറാന്‍ സംയമനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടത്. ഇതിനടയിലും ഗസയില്‍ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നുതള്ളുകയാണ് അധിനിവേശസേന. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ചൊവ്വാഴ്ച തെല്‍ അവീവിലേക്കും പ്രാന്തപ്രദേശത്തേക്കും രണ്ട് എം 90 റോക്കറ്റുകള്‍ അയച്ചിരുന്നു. വലിയ സ്‌ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags:    

Similar News