ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ വാട്ട്‌സാപ്പ് ചോര്‍ത്തിയ കേസില്‍ ഇസ്രായേല്‍ കമ്പനി കുറ്റക്കാര്‍
വാഷിങ്ടണ്‍: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ വാട്ട്‌സാപ്പ് ചോര്‍ത്തിയ കേസില്‍ ഇസ്രായേല്‍ കമ്പനി കുറ്റക്കാരെന്ന് യുഎസ് ഓക്‌ലാന്‍ഡ് ജില്ല കോടതി. വഞ്ചന, ദുരുപയോഗ നിയമം, കാലഫോര്‍ണിയ കോംപ്രിഹെന്‍സീവ് കമ്പ്യൂട്ടര്‍ ഡാറ്റ ആക്സസ് ആന്‍ഡ് ഫ്രോഡ് ആക്ട് എന്നിവയുടെ ലംഘനം, കരാര്‍ ലംഘനം എന്നീ കുറ്റങ്ങളാണ് എന്‍ എസ് ഒ ഗ്രൂപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.
ഏകദേശം 1,400 പേരുടെ വാട്ട്‌സാപ്പ് ചോര്‍ത്തലിനു പിന്നില്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് ആണെന്നാണ് റിപോര്‍ട്ടുകള്‍. 2019ലാണ് വാട്ട്സ്ആപ്പ് ആദ്യം കേസ് ഫയല്‍ ചെയ്തത്. ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പെഗാസസ് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി .
''ഈ വിധി സ്വകാര്യതയുടെ വലിയ വിജയമാണ്,'' വാട്ട്സ്ആപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട് ഒരു പോസ്റ്റില്‍ പറഞ്ഞു. തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ ഞങ്ങള്‍ അഞ്ച് വര്‍ഷം ചെലവഴിച്ചെന്നും സ്‌പൈവെയര്‍ കമ്പനികള്‍ക്ക് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് കഴിയില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍, സിദ്ധാര്‍ത്ഥ് വരദരാജന്‍, ഉമര്‍ ഖാലിദ്, റോണാ വില്‍സന്‍, സ്റ്റാന്‍സ്വാമി,തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന അശോക് ലവാസ, സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ കോടതി ജീവനക്കാരിയുടെ കുടുംബം എന്നിവരുടെയെല്ലാം വാട്ട്‌സാപ്പ് ചോര്‍ത്തിയെന്നുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.