നിറം കറുപ്പായതിനെ ചൊല്ലി പരിഹാസം; യുവതി ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി

40കാരനായ അനന്ത് സോന്വാനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സംഗീത സോന്വാനിയെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2022-09-27 16:56 GMT

ദുര്‍ഗ്: തന്റെ നിറം കറുപ്പായതിനെചൊല്ലി നിരന്തരം അധിക്ഷേപിച്ച ഭര്‍ത്താവിനെ യുവതി വെട്ടിക്കൊന്നു. ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. 40കാരനായ അനന്ത് സോന്വാനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സംഗീത സോന്വാനിയെ പോലിസ് അറസ്റ്റ് ചെയ്തു.

നിറത്തെ ചൊല്ലിയും വിരൂപയാണെന്ന് പറഞ്ഞും ഭര്‍ത്താവ് യുവതിയെ നിരന്തരം ആക്ഷേപിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പോലിസ് പറഞ്ഞു. ഈ വിഷയത്തില്‍ ദമ്പതികള്‍ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂര്‍ഛിച്ചതോടെ കോടാലിയെടുത്ത് യുവതി ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയവും യുവതി മുറിച്ചു മാറ്റി.

ഭര്‍ത്താവിനെ മറ്റാരോ കൊന്നതാണെന്നാണ് യുവതി രാവിലെ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍, പോലിസ് ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണിവര്‍. കൊലപാതകക്കുറ്റം ചുമത്തി പോലിസ് യുവതിക്കെതിരേ കേസ് എടുത്തു. അന്വേഷണവും തുടര്‍നടപടികളും പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News