ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: ഭബാനിപൂരില്‍ മമത മല്‍സരിക്കും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് തൃണമൂല്‍
കൊല്‍ക്കത്ത: ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭബാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്ഥാനാര്‍ഥിയാവുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. മുതിര്‍ന്ന നേതാവ് സോവന്‍ദേബ് ചതോപാധ്യായ ആണു മമതയ്ക്ക് മല്‍സരിക്കാനായി നിയമസഭാംഗത്വം രാജിവച്ചത്. 2021 ലെ പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഭബാനിപൂരില്‍ ജയം അനിവാര്യമാണ്.
ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയോടാണ് നന്ദിഗ്രാമില്‍ മമത പരാജയപ്പെട്ടത്. ഒരു സംസ്ഥാന നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമല്ലാത്ത ഒരാള്‍ക്ക് ആറുമാസം വരെ മാത്രമേ മന്ത്രിസ്ഥാനത്ത് തുടരാനാവൂ. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നവംബര്‍ അഞ്ചിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ജംഗിപൂരിലും സംസര്‍ഗഞ്ചിലും യഥാക്രമം ജാക്കിര്‍ ഹുസൈനും അമീറുല്‍ ഇസ്‌ലാമും മല്‍സരിക്കും. ഭബാനിപൂര്‍ അടക്കം മണ്ഡലങ്ങളില്‍ സപ്തംബര്‍ 30നാണു വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ മൂന്നിനു വോട്ടെണ്ണും.