ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി: ഗൂഢാലോചനയുണ്ടെന്ന സത്യവാങ്മൂലം ഇന്ന് വീണ്ടും പരിശോധിക്കും

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Update: 2019-04-25 01:11 GMT

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉല്‍സവ് സിങ് ബെന്‍സിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി വീണ്ടും പരിശോധിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രിംകോടതി ഇന്നലെ സിബിഐ, ഐബി, ഡല്‍ഹി പോലിസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഏതുതലത്തിലുള്ള അന്വേഷണം വേണമെന്നതില്‍ കോടതി ഇന്ന് തീരുമാനമെടുക്കാനാണ് സാധ്യത.

അതിനിടെ, ലൈംഗികാതിക്രമപരാതി അന്വേഷിക്കുന്ന സുപ്രിംകോടതി സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി രംഗത്തെത്തിയിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്രകടനം നടത്തുന്നതെന്ന് കാണിച്ച്് പരാതിക്കാരി അന്വേഷണസമിതിക്ക് ഇന്നലെ കത്തും നല്‍കിയിരുന്നു. ജസ്റ്റിസ് രമണയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താനും അവഗണിക്കാനുമാണ് ശ്രമം നടക്കുന്നതെന്നും കത്തില്‍ അവര്‍ വ്യക്തമാക്കി.

ഏപ്രില്‍ 21നാണ് ചീഫ് ജസ്റ്റിസിനെതിരേ ഗുരുതര ലൈംഗിക പീഡനാരോപണം ഉന്നയിച്ച് മുന്‍ കോടതി ജീവനക്കാരിയായ യുവതി 22 ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് തനിക്കെതിരായ ലൈംഗിക പീഡനാരോപണം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്നെ പ്രത്യേക അടിയന്തര സിറ്റിങ് വിളിച്ചുചേര്‍ത്ത് നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പരാതിയില്‍ സ്വമേധയാ കേസെടുത്ത സുപ്രിംകോടതി തുടര്‍നടപടികള്‍ മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയെയും ഈ ബഞ്ച് നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ ആഭ്യന്തരപരാതിപരിഹാര സമിതി (ഐസിസി) ആണ് സുപ്രിംകോടതിയില്‍ ഇത്തരം പരാതി പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ള സമിതിയെന്നിരിക്കെ മറ്റൊരു സമിതിയെ നിയോഗിച്ചതിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 

Tags:    

Similar News