കൊവിഡ്: വരുമാനമില്ല; 200 പൈലറ്റുമാരുടെ കരാര്‍ റദ്ദാക്കി എയര്‍ ഇന്ത്യ
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ രാജ്യത്ത് ആഭ്യന്തര, അന്തര്‍ദേശീയ, വാണിജ്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിയ സാഹചര്യത്തിലാണു നടപടി.
ന്യൂഡല്‍ഹി: വിരമിച്ചതിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കി. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ രാജ്യത്ത് ആഭ്യന്തര, അന്തര്‍ദേശീയ, വാണിജ്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിയ സാഹചര്യത്തിലാണു നടപടി. വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. അതുകൊണ്ടുതന്നെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ട്.
ഇതെത്തുടര്‍ന്നാണു വിരമിച്ചശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച 200 പൈലറ്റുമാരുടെ കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കാബിന്‍ ക്രൂ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും അലവന്‍സുകള്‍ നേരത്തെ തന്നെ എയര്‍ ഇന്ത്യ 10 ശതമാനം കുറച്ചിരുന്നു. മുന്നുമാസത്തേക്ക് ഇത്തരത്തില്‍ അലവന്‍സുകള്‍ ലഭ്യമാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.