ലോക്ക് ഡൗണ്‍: നാഗ്പൂരില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് 500 കിലോമീറ്റര്‍ നടന്നു; വഴിമധ്യേ യുവാവിന് ദാരുണാന്ത്യം
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്. എങ്ങനെയയെങ്കിലും സ്വന്തം വീടുകളിലെത്തിച്ചേരുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം.
ഹൈദരാബാദ്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗതാഗതമാര്‍ഗങ്ങള്‍ അടഞ്ഞതോടെ നാഗ്പൂരില്‍നിന്ന് സ്വദേശമായ തമിഴ്നാട്ടിലേക്ക് നടന്നുപോയ യുവാവ് വഴിമധ്യേ മരിച്ചു. നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്നുദിവസമായി 500 കിലോമീറ്ററോളം നടന്ന ഇയാള്‍ ബുധനാഴ്ച രാത്രി സെക്കന്ദരാബാദിലെ ഒരു ഷെല്‍റ്റര്‍ ഹോമില്‍ വിശ്രമിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്. എങ്ങനെയയെങ്കിലും സ്വന്തം വീടുകളിലെത്തിച്ചേരുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. മൂന്നുദിവസമായി ഞങ്ങള്‍ നടക്കുകയാണ്.
അപരിചിതരായ ആളുകളാണ് ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത്. ചരക്കിറക്കിവന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ഞങ്ങള്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ താല്‍പര്യം കാണിച്ചു. പക്ഷെ, ഞങ്ങളെ സഹായിച്ചെന്ന കാരണത്താല്‍ പോലിസ് അവരെ മര്‍ദിച്ചു- ലോഗേഷിനൊപ്പം നാട്ടിലേക്ക് മടങ്ങിയ സത്യ എന്നയാള്‍ പറഞ്ഞു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് 26 അംഗ തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്. ബോവന്‍പള്ളിയിലെത്തിയ ലോഗേഷിനെയും സഘത്തെയും പ്രാദേശികഭരണാധികാരിയാണ് വെസ്റ്റ് മരേട്പള്ളിയിലെ വിശ്രമകേന്ദ്രത്തിലെത്തിച്ചത്. നാലുദിവസമായി തങ്ങുന്ന 176 പേര്‍ അവിടെയുണ്ടായിരുന്നു. വീടുകളിലേക്ക് മടങ്ങാന്‍ വാഹനം ഒരുക്കിക്കൊടുക്കാമെന്ന് അധികൃതര്‍ പറയുകയും ചെയ്തതായി സത്യ ഓര്‍മിച്ചു.
വിശ്രമിക്കാനൊരുങ്ങുന്നതിനിടെ ഇരുന്നയിടത്തുനിന്ന് പെട്ടെന്ന് ലോഗേഷ് പിന്നിലേക്ക് മറിഞ്ഞുവീണതായും സര്‍ക്കാര്‍ ഡോക്ടറെത്തി പരിശോധിച്ച് ലോഗേഷ് മരിച്ചതായി അറിയിച്ചെന്നും സത്യ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പ്രാദേശിക നേതാവ് അറിയിച്ചു. ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോവണം. അതിന് ഒരു വാഹനം കിട്ടുന്നതിന് സഹായിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ കാല്‍നടയായി പോലും. സാമൂഹിക അകലം പാലിക്കണമെന്നാണ് ഞങ്ങളോട് പറയുന്നത്. പക്ഷെ, ഞങ്ങളീ അവസ്ഥയില്‍ കൂട്ടംകൂടി താമസിച്ചാല്‍ ഞങ്ങള്‍ക്ക് വൈറസ് പകരില്ലേ? ഞങ്ങളെ വീട്ടിലെത്തിക്കുന്നതല്ലേ നല്ലത്?- സത്യ ചോദിക്കുന്നു.
നാട്ടിലെത്തിക്കാന്‍ വാഹനം ലഭിക്കാത്തതിനാല്‍ ലോഗേഷിന്റെ മൃതദേഹം ഹൈദരാബാദില്‍തന്നെ സംസ്‌കരിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ലക്ഷക്കണക്കിനാളുകളാണ് സ്വന്തം നാടുകളിലെത്തുന്നതിനായി കാല്‍നടയായി യാത്ര ചെയ്യുന്നത്. കിലോമീറ്ററുകളോളം യാത്രചെയ്ത് മരണത്തിന് കീഴടങ്ങുന്നവരുടെ നിരവധി റിപോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നാഗ്പൂര്‍- തെലങ്കാന മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. താപനില 38 ഡിഗ്രിയിലധികമാണ്.