കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 10,667 പുതിയ കേസുകള്‍; 380 മരണം, ആകെ രോഗബാധിതര്‍ 3.43 ലക്ഷം

മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പൂനെ നഗരങ്ങളില്‍ രോഗികളുടെ എണ്ണം വന്‍തോതിലാണ്.

Update: 2020-06-16 05:07 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10,667 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു. 9,900 പേരാണ് മഹാമാരിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. രോഗം ബാധിച്ചവരില്‍ 1.80 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചെന്നും നിലവില്‍ 1.53 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ചാംദിവസമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലെത്തുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തും. രണ്ടുദിവസമായി നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയുടെ ആദ്യദിനമാണ് ഇന്ന്. ലോക്ക് ഡൗണ്‍ സംബന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യം അണ്‍ ലോക്കിലേക്ക് കടന്നതിന് പിന്നാലെ പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് പ്രതിദിനം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. 13 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് സംസാരിക്കാന്‍ ഇന്ന് അവസരം.

ആകെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാരുമാണ് ആദ്യദിനം യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പൂനെ നഗരങ്ങളില്‍ രോഗികളുടെ എണ്ണം വന്‍തോതിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ നാലുജില്ലകളില്‍ ഈമാസം 30 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

Tags:    

Similar News