24 മണിക്കൂറിനിടെ 14,933 പുതിയ കേസുകള്‍, 312 മരണം; രാജ്യത്ത് രോഗബാധിതര്‍ നാലര ലക്ഷത്തിലേക്ക്

ഡല്‍ഹി മണ്ഡോളി ജയിലില്‍ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയില്‍ കഴിഞ്ഞവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരില്‍ 17 പേരുടെയും ഫലം പൊസിറ്റീവാണ്.

Update: 2020-06-23 06:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെ എണ്ണം 15,000 ലേക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,40,215 ആയി. 312 പേരാണ് ഇന്നലെ മാത്രം രോഗബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി ഉയര്‍ന്നു. 1,78,014 ആളുകള്‍ ചികില്‍സയിലുണ്ട്. അതേസമയം, രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 2710 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 37 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകള്‍ 62,087 ആയി ഉയര്‍ന്നു. മരണം 794 ആയി. 27,178 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. തമിഴ്നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയും വെല്ലൂര്‍, റാണിപേട്ട് ജില്ലകളും പൂര്‍ണമായി അടച്ചിടും. മഹാരാഷ്ട്രയില്‍ പുതുതായി 3,721 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.35 ലക്ഷം കടന്നു. ആകെ മരണം 6283 ആയി.

ഡല്‍ഹി മണ്ഡോളി ജയിലില്‍ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയില്‍ കഴിഞ്ഞവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരില്‍ 17 പേരുടെയും ഫലം പൊസിറ്റീവാണ്. 12 പേര്‍ക്ക് രോഗമില്ലെന്ന് ഡല്‍ഹി ജയില്‍ വകുപ്പ് അറിയിച്ചു. മരിച്ച ശേഷമാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി സുനില്‍കുമാര്‍ ആണ് മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു. കര്‍ണാടകയില്‍ പുതുതായി 249 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപോര്‍ട്ട് ചെയ്തു. 9,399 പേരാണ് ഇതുവരെ രോഗബാധിതരായത്. 5,730 പേര്‍ രോഗമുക്തരായപ്പോള്‍ 3,523 പേര്‍ ചികില്‍സയിലാണ്. 142പേരാണ് ആകെ മരിച്ചത്.

Tags:    

Similar News